ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സൂപ്പർ താരങ്ങൾ. അല്ലു അർജുൻ, രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. താരങ്ങൾ വോട്ട് ചെയ്യാൻ എത്തുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബിഎസ്എൻഎൽ സെന്ററിലെ 153ാം നമ്പർ പോളിംഗ് ബൂത്തിൽ എത്തിയാണ് അല്ലു അർജുൻ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ വോട്ട് ചെയ്യാനായി താരം ക്യൂവിൽ നിൽക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹൈദരാബാദിലെ പോളിംഗ് സ്‌റ്റേഷനിലാണ് രാം ചരൺ വോട്ട് രേഖപ്പെടുത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മൈസൂരുവിലാണ് രാംചരൺ. ഇവിടെ നിന്നും രാവിലെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഹൈദരാബാദ് എത്തിയത്. വിമാനത്താവളത്തിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കാറിൽ കയറാനായി പോകുന്ന താരത്തിന്റെ വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്.
ഹൈദരാബാദിലെ പി ഒബുൾ റെഡ്ഡി പബ്ലിക് സ്‌കൂളിലാണ് ജൂനിയർ എൻടിആർ വോട്ട് രേഖപ്പെടുത്തിയത്. ക്യൂവിൽ നിന്ന് വോട്ട് ചെയ്യുന്ന താരത്തിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെ ഏഴ് മണിയോടെയാണ് തെലങ്കാനയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. 106 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ച് മണിവരെ തുടരും. കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകളിൽ ഉൾപ്പെടുന്ന 13 മണ്ഡലങ്ങളിൽ നാല് മണിയോടെ തന്നെ വോട്ടെടുപ്പ് അവസാനിക്കും. ഡിസംബർ മൂന്നിനാണ് വോട്ടെടുപ്പ്.
Discussion about this post