ന്യൂഡൽഹി: പുതുച്ചേരിയിലെയും ജമ്മു കശ്മീരിലെയും നിയമസഭകളിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനായി പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ രണ്ട് സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജമ്മു കശ്മീർ നിയമസഭയിലെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനായാണ് ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, 2023 അവതരിപ്പിക്കുന്നത്.
ഇതിന് പുറമെ, പുതുച്ചേരിയിൽ സ്ത്രീകൾക്ക് സമാനമായ സംവരണ വ്യവസ്ഥകൾ നിർദ്ദേശിക്കുന്ന ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിട്ടറി (ഭേദഗതി) ബിൽ, 2023 ഉം അവതരിപ്പിക്കും. രണ്ട് വനിതാ സംവരണ ബില്ലുകൾ ഉൾപ്പെടെ ഏഴ് പുതിയ ബില്ലുകളാണ് അവതരിപ്പിക്കുക. കൂടാതെ, മാറ്റി വച്ച 33 ബില്ലുകളിൽ 12 എണ്ണം പരിഗണിക്കാനും പാസാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള നിയമനിർമ്മാണത്തിൽ മൂന്ന് ക്രിമിനൽ നിയമ ഭേദഗതി ബില്ലുകളും ഉൾപ്പെടുന്നു. അവ ഇതിനകം ലോക്‌സഭയിൽ അവതരിപ്പിക്കുകയും തുടർന്ന് കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കായി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു. ഈ ബില്ലുകൾ വരുന്ന സമ്മേളനത്തിൽ ഇരുസഭകളിലും വിശദമായ പരിശോധനയ്ക്കും ചർച്ചയ്ക്കും വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ ഡിസംബർ 22 വരെ നടക്കും.ഡിസംബർ 4 മുതൽ ഡിസംബർ 22 വരെ 19 ദിവസങ്ങളിലായി 15 സെക്ഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ഡിസംബർ 2ന് സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Discussion about this post