ന്യൂയോർക്ക്: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുനിനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അമേരിക്ക.സിംഗിനെ ഏത് രീതിയിൽ വധിക്കണമെന്നതിന് ഉൾപ്പെടെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം ഗൂഢാലോചന നടത്തിയെന്നാണ് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്നാണ് ആരോപണം.
നിലവിൽ അറസ്റ്റിലായി ചെക്ക് റിപ്പബ്ലികിലാണ് അദ്ദേഹമുള്ളതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇക്കഴിഞ്ഞ ജൂൺ 30 നാണ് അദ്ദേഹം അറസ്റ്റിലായത്. അദ്ദേഹത്തെ രാജ്യത്ത് എത്തിക്കാനുള്ള നീക്കങ്ങൾ അമേരിക്ക ആരംഭിച്ചിട്ടുണ്ട്. പന്നുനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ അമേരിക്കയുടെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് എന്നാണ് വിവരം.
ഇന്ത്യക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്‌തെന്ന പേരിൽ പന്നുനിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് ഉദ്യോഗസ്ഥനെതിരായ പരാതി. പന്നുനിന് പുറമേ മറ്റൊരു ഖാലിസ്ഥാൻ ഭീകര നേതാവായ ഹർദീപ് സിംഗ് നിജ്ജാറിനെയും വധിക്കാൻ ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഇതിനായുള്ള ഗൂഢാലോചന. വാട്സ് ആപ്പ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. വിവിധ തരത്തിലുള്ള കൊലപാതക രീതികളെക്കുറിച്ചുൾപ്പെടെ ഇതിലൂടെ സംസാരിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ ആരോപണം.
കൊലപാതകത്തിനായി കൂടുതൽ പേരെ ഉൾപ്പെടുത്താനുള്ള ശ്രമവും ഇവർ നടത്തി. ഇതിന് പുറമേ ആയുധങ്ങൾ ശേഖരിക്കാനും ശ്രമം നടത്തി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനായി വ്യാജ സംഘടനയുണ്ടാക്കാനും പദ്ധതിയിട്ടിരുന്നു.
ന്യൂയോർക്ക് പോലീസിന്റെ എഫ് ബിഐ ടീമാണ് പന്നുനിനെ കൊലപ്പെടുത്താനുള്ള പദ്ധതി തടഞ്ഞത്. സംഘത്തിലെ അമേരിക്കൻ പൗരനെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ബാക്കി വിവരങ്ങൾ പുറത്തുവന്നത്. നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ആണ് ഇന്ത്യൻ ഉദ്യോസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്.
അടുത്തിടെയായി വിവിധ സംഘടനകളിലെ ഭീകരർക്കെതിരെ അജ്ഞാതരുടെ ആക്രമണം വർദ്ധിച്ചുവരികയാണ്. ഇതിനിടെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥന് മേൽ കുറ്റംചാർത്തിക്കൊണ്ടുള്ള അമേരിക്കയുടെ റിപ്പോർട്ട്. ഖാലിസ്ഥാൻ ഭീകർ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ അജ്ഞാതരാണ്. പാകിസ്താനിൽ ഭീകരരെ അജ്ഞാതർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണ്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 20 ലധികം പേരെയാണ് പാകിസ്താനിൽ അജ്ഞാതർ വധിച്ചിട്ടുള്ളത്.
Discussion about this post