സിനിമാപ്രേമികൾ കാത്തിരുന്ന പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏറെ നാളുകളായി ഓരോ അപ്ഡേറ്റുകൾക്കും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും എന്ന്
തീയറ്ററുകളിലെത്തുമെന്നത് ഒരു വലിയ സർപ്രൈസ് ആയിത്തന്നെ തുടരുകയായിരുന്നു. ഈ കാത്തിരിപ്പിനാണ് ഒടുവിൽ അവസാനമായിരിക്കുന്നത്. 2024 ഏപ്രിൽ 10നായിരിക്കും ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തുക. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ബെന്യാമിന്റെ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രം കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ താണ്ടിയാണ് ഇപ്പോൾ തീയറ്ററുകളിൽ എത്തുന്നത്. പ്രത്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന മേക്ക്ഓവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് ഇന്നലെ തന്നെ നടൻ തന്റെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
2013ലെ കളിമണ്ണിന് ശേഷം പുറത്തിറങ്ങുന്ന ബ്ലെസിയുടെ ആടുജീവിതം മികച്ച പ്രതീക്ഷയാണ് സിനിമാ ലോകത്തിന് നൽകുന്നത്. ബ്ലെസി, കെ.ജി.അബ്രഹാം, ജിമ്മി ജീന്‍ ലൂയിസ്, സ്റ്റീവ് ആഡംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വലിയ ഇടവേളക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ആടുജീവിതം. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി തുടങ്ങിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സുനില്‍ കെസ് എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്.
Discussion about this post