റാഞ്ചി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ എം എസ് ധോണിയുടെ വാഹന ശേഖരണം എന്നും ആരാധക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. വില കൂടിയ കാറുകളും ബൈക്കുകളും അടക്കം നിരവധി ആഡംബര വാഹനങ്ങളാണ് ധോണി ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്. ആ കൂട്ടത്തിലേക്കാണ് മെഴ്‌സിഡീസിന്റെ പുത്തന്‍ എസ്‌യുവി വാഹനവും എത്തുന്നത്. മെഴ്‌സിഡീസിന്റെ ജി 63 എഎംജിയാണ് ധോണി പുതുതായി വാങ്ങിയത്. കഴിഞ്ഞ മാസമാണു ധോണി വാഹനം സ്വന്തമാക്കിയതെങ്കിലും ചിത്രങ്ങളും വിഡിയോകളും ഇപ്പോഴാണു പുറത്തുവന്നത്.
ചിത്രങ്ങളും വീഡിയോയും പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. 3.30 കോടി രൂപയാണു മെഴ്‌സിഡീസ് ജി 63 എഎംജി കാറിന്റെ എക്‌സ് ഷോറൂം വില. ജാര്‍ഖണ്ഡ് റജിസ്‌ട്രേഷനിലുള്ള വാഹനത്തിന് 0007 എന്ന ഫാന്‍സി നമ്പരും ലഭിച്ചു. വാഹനത്തില്‍ കയറി ആദ്യ ഡ്രൈവിങ്ങിനു തയാറെടുക്കുന്ന എം.എസ്. ധോണിയുടെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ശ്രേയസ്സ് അയ്യരും നേരത്തേ ഈ വാഹനം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോ മീറ്റര്‍ വേഗതയിലെത്താന്‍ വാഹനത്തിനു സാധിക്കുമെന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത.
കാറുകളുടേയും ബൈക്കുകളുടേയും വന്‍ ശേഖരമാണ് എം എസ് ധോണിക്കുള്ളത്. റാഞ്ചിയിലെ ഫാം ഹൗസിലാണ് വാഹനങ്ങളെല്ലാം സൂക്ഷിച്ചിരിക്കുന്നത്. പ്രിയപ്പെട്ട വാഹനങ്ങളുമായി നഗരത്തില്‍ കറങ്ങാന്‍ ഇറങ്ങുന്ന ധോണിയുടെ ചിത്രങ്ങള്‍ നേരത്തേയും പലവട്ടം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
Discussion about this post