കോഴിക്കോട്: ഇസ്രയേൽ പറയുന്നതിനെക്കാൾ കൂടുതൽ സൈനികരെ അവർക്ക് നഷ്ടമായിട്ടുണ്ടെന്ന് ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അദ്‌നാൻ അബു അൽ-ഹൈജ. കോഴിക്കോട് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് തീവ്രവാദ സംഘടനയല്ലെന്നും പലസ്തീൻ സ്ഥാനപതി പറഞ്ഞു.
400 സൈനികർ മാത്രമാണ് മരിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. ആയിരം പേർക്ക് പരിക്കേറ്റെന്നും. യഥാർത്ഥത്തിൽ അതിൽ കൂടുതലാണെന്നും അബു അൽ-ഹൈജ പറഞ്ഞു. ഒക്ടോബർ 7 നു ഇസ്രയേൽ അതിർത്തി കടന്ന് സമാധാനപരമായി നടക്കുകയായിരുന്ന സംഗീത പരിപാടിയിൽ അതിക്രമിച്ചു കയറി വിവിധ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടെ 1400 പേരെ കൊലപ്പെടുത്തുകയും അനവധി പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ പലസ്തീൻ സ്ഥാനപതി തന്നെ വെളളപൂശാൻ ശ്രമിച്ചതിൽ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമർശനം ഉയർന്നുകഴിഞ്ഞു.
ഹമാസിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും പ്രചാരം നൽകാനും കേരളം പരവതാനി വിരിക്കുകയാണെന്നാണ് വിമർശനം. ഭീകരവാദത്തെ ശക്തമായി എതിർക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിന് ഘടകവിരുദ്ധമാണ് പലസ്തീൻ സ്ഥാനപതിയുടെ വാക്കുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജർമ്മനി, തായ്ലൻഡ് , ഇംഗ്ലണ്ട് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരടക്കം ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹമാസ് ഒരു തീവ്രവാദ സംഘടനയല്ലെന്നും മറിച്ച് സ്വതന്ത്ര സമര പോരാളികൾ ആണെന്നുമായിരുന്നു അദ്‌നാൻ അബു അൽ-ഹൈജയുടെ വാക്കുകൾ. വിഷയത്തിൽ കേരളത്തിൽ നിന്നും പിന്തുണ കിട്ടുന്നുവെന്നും നന്ദി പറയാനാണ് വന്നതെന്നും അദ്‌നാൻ അബു അൽ-ഹൈജ പറഞ്ഞിരുന്നു.
ഹമാസിനെ വെളളപൂശുന്നതിലും ഇസ്രയേൽ വിരുദ്ധത പ്രചരിപ്പിക്കുന്നതിലും കേരളത്തിലെ ഇടത് പ്രസ്ഥാനങ്ങളടക്കം കാണിക്കുന്ന ഉത്സാഹം തുടക്കം മുതൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പലസ്തീൻ സ്ഥാനപതിയും നേരിട്ട് കോഴിക്കോടെത്തി ഹമാസ് അനുകൂല പ്രസ്താവന നടത്തിയത്.
കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെട്ടില്ലെങ്കിൽ ഇസ്രായേലുമായുള്ള സംഘർഷം ഒരിക്കലും അവസാനിക്കില്ലെന്ന് ഫലസ്തീൻ പ്രതിനിധി നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു
അതെ സമയം നിലവിൽ ബന്ദി കൈമാറ്റം നടക്കുന്നതിനാൽ ഇസ്രയേലുമായി ഒരു താത്കാലിക വെടി നിർത്തൽ നടപ്പിലാക്കിയിരിക്കുകയാണ് ഹമാസ്, വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി എട്ടോളം ബന്ദികളെ നിലവിൽ ഹമാസ് മോചിപ്പിച്ചിട്ടുണ്ട്.
Discussion about this post