അബുദാബി : ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ഉദാഹരണം ആണെന്ന് ചാൾസ് മൂന്നാമൻ രാജാവ്. യുഎഇയിൽ നടക്കുന്ന COP28 യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാൾസ്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ ലോകം ഇപ്പോഴും വളരെ അകലെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ ആതിഥേയ രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള ക്ഷണത്തെത്തുടർന്ന് ബ്രിട്ടീഷ് സർക്കാരിന് വേണ്ടിയാണ് ചാൾസ് മൂന്നാമൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരായ പ്രവർത്തനങ്ങളിൽ ബഹുമുഖ സംഘടനകളെയും സ്വകാര്യ മേഖലയെയും എങ്ങനെ ഉൾപ്പെടുത്താം, ഇൻഷുറൻസ് മേഖലയുടെ പങ്ക്, നവീകരണത്തെ ത്വരിതപ്പെടുത്തൽ എന്നിവയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതമാണ് ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കമെന്ന് ചാൾസ് അഭിപ്രായപ്പെട്ടു. അമേരിക്ക, കാനഡ, ഗ്രീസ് എന്നിവിടങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന രൂക്ഷമായ കാട്ടുതീ ആണ് മറ്റൊരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഇത്തരത്തിൽ തുടർന്നാൽ ഓരോ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ പോലും അപകടത്തിൽ ആകാമെന്നും ഇത് ആഗോളതലത്തിൽ തന്നെ ബാധിക്കപ്പെടുമെന്നും ചാൾസ് മൂന്നാമൻ സൂചിപ്പിച്ചു.
Discussion about this post