കണ്ണൂർ: വട്ടിപ്രം ചന്ദ്രേട്ടന്റെ ഓർമ്മയിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മകൾ ഗാർഗി സി.കെ. വട്ടിപ്രത്തെ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ നടന്നുവരുന്ന അച്ഛനെ കാണാമെന്ന് ഗാർഗി ഫേസ്ബുക്കിൽ കുറിച്ചു. 23 വർഷങ്ങൾക്കിപ്പുറം അതേ തലയെടുപ്പോടെ അതേ പുഞ്ചിരിയോടെ അച്ഛൻ കൂടെത്തന്നെയുണ്ട് എന്നും ഗാർഗി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇപ്പോഴും വട്ടിപ്രത്തെ വീടിന്റെ വരാന്തയിൽ തനിച്ചിരിക്കുമ്പോൾ കുറച്ചു ദൂരെ നിന്ന് നടന്നു വരുന്ന അച്ഛനെ കാണാം.. കാവി മുണ്ടുടുത്ത്, ഒരു വെള്ളത്തോർത്ത് തലയിൽ കെട്ടി, ചുണ്ടിൽ ഒരു പുഞ്ചിരിയോടെ….. കണ്ണിൽ നിറഞ്ഞ സ്‌നേഹത്തോടെ, മാളൂട്ടീ എന്നു വിളിച്ച് അടുത്തേക്ക് വരുന്ന എന്റെയച്ഛൻ….
പക്ഷേ അടുത്തെത്തുമ്പോഴേക്കും നനവു പടർന്ന എന്റെ കണ്ണിൽ നിന്നും ആ രൂപം മാഞ്ഞു പോകും; നെഞ്ചിൽ ഒരു വിങ്ങൽ ബാക്കിയാക്കി…
അച്ഛൻ ഈ ഭൂമിയിൽ ഇല്ലാതായിട്ട് 23 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അല്ല ഇല്ലാതായിട്ടല്ല, അച്ഛനെ ഇല്ലാതാക്കിയിട്ട്…
ഡിസംബർ എന്നൊരു മാസം കലണ്ടറിൽ ഇല്ലാതിരുന്നെങ്കിൽ എന്നാശിച്ചു പോകും ഓരോ വർഷവും…
ഇന്നും വല്ലാത്തൊരു ഭയമാണ് ഈ മാസത്തെ… അന്നത്തെ പതിനൊന്നു വയസ്സുകാരിയുടെ അതേ മാനസികാവസ്ഥ.
കൺമുന്നിൽ നടമാടുന്ന ഭീകരതയ്ക്കു മുന്നിൽ പകച്ച് നിൽക്കുന്ന ഒരു പതിനൊന്നു വയസ്സുകാരി.
അച്ഛന്റെ ചോര പുരണ്ട ആയുധങ്ങളുമായി ഞങ്ങൾക്കു നേരെ അട്ടഹസിക്കുന്നവരെ കണ്ട് വാവിട്ട് കരഞ്ഞ് വാ പിളർന്ന പടി കട്ടിലിൽ കിടക്കുന്ന മൂന്നു വയസ്സുകാരൻ അനിയനെ നോക്കി വിറങ്ങലിച്ചു നിന്ന പതിനൊന്നു വയസ്സുകാരി.
ചെയ്യാൻ വന്ന കൃത്യം പൂർത്തിയാക്കി, അമ്മയുടെ മുതുകിൽ അടിച്ച് വീഴ്ത്തി പുറത്തേക്കിറങ്ങാൻ തുടങ്ങിയവരിൽ ഒരാളോടു തന്നെ, ബോധം മറഞ്ഞു കിടക്കുന്ന ‘അമ്മയെ രക്ഷിക്കണേ, ഒന്നാശുപത്രിയിൽ കൊണ്ടു പോകൂ ഏട്ടൻമാരേ’ എന്ന് കാല് പിടിച്ച് കെഞ്ചി കരഞ്ഞ പതിനൊന്നു വയസ്സുകാരി….
ആ പതിനൊന്നു വയസ്സുകാരിയുടെ നിസ്സഹായത, കടന്ന ഇരുപത് വർഷങ്ങളിലെ ഓരോ ഡിസംബറിന്റെ തുടക്കത്തിലും എനിക്ക് അനുഭവവേദ്യമാകാറുണ്ട്.
വാക്കുകൾ കൊണ്ട് വരച്ചുകാട്ടാനാവാത്ത ഒരു വല്ലാത്ത അവസ്ഥയാണത്!
ഇതു പോലെ,എല്ലാ വികാരങ്ങൾക്കുമപ്പുറം ഭയം മേൽക്കോയ്മ നേടിയ എത്രയെത്ര ബാല്യങ്ങളുടെ കഥകളാണ് കണ്ണൂരിലെ ഡിസംബറിന് പറയാനുള്ളത്
2000 ഡിസംബർ മൂന്ന്: അന്നവസാനമായി മുഖം മാത്രം പുറത്തു കാണത്തക്കവിധം തുണിയിൽ പൊതിഞ്ഞ അച്ഛനെ കാണുമ്പോൾ, കാവി പതാകയെ നെഞ്ചോട് ചേർത്ത് പിടിച്ച് ശാന്തമായുറങ്ങുകയാണെന്ന് തോന്നി……
അന്നത്തെ അഭിശപ്തദിനങ്ങളുടെ കാഴ്ചകൾക്ക് മങ്ങൽ വന്നു തുടങ്ങിയിരിക്കുന്നു….
പക്ഷേ അച്ഛൻ നെഞ്ചോട് ചേർത്ത ആ കാവി പതാക ഒളിമങ്ങാതെ ഭാരതത്തിലങ്ങോളമിങ്ങോളം മാനംമുട്ടെ പാറിപ്പറക്കുന്നുണ്ട്….
ഞങ്ങൾ മക്കളുടെ മനസിലെരിയുന്ന കനൽ ഊതിക്കത്തിച്ച് ആളുന്ന തീയാക്കാൻ അച്ഛൻ വിശ്വസിച്ച പ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല…
അനിതരസാധാരണമായ ശ്രദ്ധയും സമർപ്പണവും കൈമുതലാക്കിയ ഒരുപാട് സ്വയം സേവകർ ഞങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തി.
തളർന്ന് പോകുമെന്ന തോന്നലുണ്ടാകുമ്പോഴേക്കും താങ്ങി നിർത്തിയിട്ടുണ്ട്, ആ പതാകയെ നെഞ്ചോട് ചേർത്ത് വെച്ചവർ എന്നും….
ഒരു ഡിസംബർ മൂന്ന് കൂടി വന്നെത്തുമ്പോൾ, ഒരു ശ്രദ്ധാഞ്ജലി കൂടി കടന്നു വരുമ്പോൾ, അന്നത്തെ ദിവസത്തിന്റെ ഓർമകൾ മനസ്സിനെ മുറിപ്പെടുത്തുന്നുണ്ട്…..
എങ്കിലും ഇതെഴുതുമ്പോഴും ഞാൻ കാണുന്നുണ്ട്; കുറച്ച് ദൂരെ മാറി പുഞ്ചിരിയോടെ എന്നെ നോക്കി നിൽക്കുന്ന, സ്‌നേഹിക്കാൻ മാത്രമറിയുന്ന എന്റെ അച്ഛനെ, വട്ടിപ്രം നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രേട്ടനെ…..
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുന്നേയുള്ള അതേ രൂപത്തിൽ…
പിന്നീടിങ്ങോട്ട് പ്രായം തൊട്ടിട്ടില്ല ആ മനുഷ്യനെ….
ഇന്നും അതേ തലയെടുപ്പോടെ, അതേ പുഞ്ചിരിയോടെ അച്ഛൻ എന്റെ കൂടെത്തന്നെയുണ്ട്….
Discussion about this post