പാലക്കാട്; അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനചിന്താഗതിയുള്ള പാർട്ടികളെ കൂടെനിർത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാമെന്ന കോൺഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാൻ, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. കമൽനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഇത്തരം നിലപാട് ബിജെപിക്ക് ഗുണമായി. തിരഞ്ഞെടുപ്പ് ഫലത്തിലെ ഈ ദുർഗതിക്ക് കാരണം കോൺഗ്രസാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ചിറ്റൂർ ഗവ. ബോയ്സ് എച്ച്.എസ്.എസ്. മൈതാനത്ത് നടന്ന ചിറ്റൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.യെ നേരിടുന്നത് ഞങ്ങൾ ഒറ്റയ്ക്ക് നിർവ്വഹിച്ചുകളയും എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെപ്പോലൊരു പാർട്ടിയെ നേരിടാനൊരുങ്ങുമ്പോൾ സമാനമനസ്‌കരായ എല്ലാവരുടെയും പിന്തുണ ആർജിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൃദുഹിന്ദുത്വത്തിന്റെ ഭാഗമായിനിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാമെന്ന കോൺഗ്രസിന്റെ മിഥ്യാധാരണയ്ക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.












