ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിജിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എൻജിൻ സർക്കാരിന്റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നുവെന്നും വി മുരളീധരൻ വ്യക്തമാക്കി.
പ്രഹസന യാത്രകളെ, പ്രീണന തന്ത്രങ്ങളെ, കുടുംബവാഴ്ചയെ, അധികാരക്കൊതി മൂത്തുള്ള അവിശുദ്ധ സഖ്യങ്ങളെ ജനം തിരിച്ചറിയുന്നു. ജെപി നദ്ദ ജിയുടെയും അമിത് ഷാ ജിയുടെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഭാരതീയ ജനതാ പാർട്ടിയുടെ കരുത്ത് ഒട്ടും ചോർന്നിട്ടില്ലെന്ന് തെളിയിച്ചു ഇന്നത്തെ ഫലം. ഇത് തുടക്കം മാത്രം. നാല് മാസത്തിനപ്പുറം മൂന്നാം വട്ടവും നരേന്ദ്ര മോദി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറും. ഭാരതം ലോകത്തിന്റെ നെറുകയിലേയ്ക്കുയരുമെന്നും വി മുരളീധരൻ പറഞ്ഞു.
Discussion about this post