ജയ്പൂർ: തിരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് കോൺഗ്രസ് നേതാവും രാജസ്ഥാൻ സ്പീക്കറുമായ സിപി ജോഷി. ബിജെപി സ്ഥാനാർത്ഥിയ്ക്ക് ആശംസകളുമായി അദ്ദേഹം രംഗത്ത് എത്തി. നദ്ധ്വാരയിലായിരുന്നു ജോഷി മത്സരിച്ചത്.
ബിജെപി സ്ഥാനാർത്ഥി വിശ്വരാജ് സിംഗ് മേവാർ ആയിരുന്നു ജോഷിയുടെ എതിർ സ്ഥാനാർത്ഥി. ജോഷിയെ അദ്ദേഹം 7,504 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 94,950 വോട്ടുകൾ നേടിയായിരുന്നു മേവാർ മണ്ഡലം പിടിച്ചെടുത്തത്. ഇതോടെ ജോഷി സിറ്റിംഗ് സീറ്റ് കൈവിട്ടു. നദ്ധ്വാരയിൽ നിന്നുള്ള എംഎൽഎ ആണ് സിപി ജോഷി.
മണ്ഡലത്തിലെ ജനവിധി മാനിക്കുന്നതായി സിപി ജോഷി ട്വിറ്ററിൽ കുറിച്ചു. വിശ്വരാജ് സിംഗ് മേവാറിന് അഭിനന്ദനങ്ങൾ. വരുന്ന അഞ്ച് വർഷം മണ്ഡലത്തിൽ മുൻപത്തേത് എന്നപോലെ വികസനം എത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ. മണ്ഡലത്തിലെ ജനവിധി മാനിക്കുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ പിന്തുണ നൽകുകയും തനിക്കായി പ്രവർത്തിക്കുകയും ചെയ്ത സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. മണ്ഡലത്തിലെ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും സിപി ജോഷി കൂട്ടിച്ചേർത്തു.
Discussion about this post