മലപ്പുറം: ചുമയ്ക്ക് ചികിത്സ തേടിയ കുഞ്ഞിന് മരുന്ന് മാറി നൽകിയതായി പരാതി. വണ്ടൂര്‍ താലൂക്കാശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരിക്കാണ് മരുന്ന് മാറി നൽകിയത്.
ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്നാണ് കുഞ്ഞിന് നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് അവശ നിലയിലായ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലികമായി നിയമിച്ച നഴ്സാണ് മരുന്ന് മാറി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അസ്വസ്ഥത അനുഭവപ്പെട്ടതോടെ കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചതായാണ് പരാതിയില്‍ പറയുന്നത്.
കാപ്പില്‍ സ്വദേശിയായ കുഞ്ഞിനെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച്എംസി നിയമിച്ച താല്‍ക്കാലിക നഴ്സാണ് ചുമതലയില്‍ ഉണ്ടായിരുന്നത്. നഴ്‌സിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തി. പരാതി കിട്ടിയാലുടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്നും എച്ച്എംസി ചെയര്‍മാന്‍ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികെ ഹസ്‌കര്‍ ആമയൂര്‍, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ വി ശിവശങ്കരന്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post