തൃശൂർ: രാജസ്ഥാനിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന് കാരണം കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിനാണ് സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഒറ്റയ്ക്ക് ജയിക്കാമെന്ന തൻപ്രമാണിത്തമാണ് നിയമസഭാ തിഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പരാജയത്തിനു കാരണമായതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും ഒപ്പം കൂട്ടേണ്ടവരെ കൂട്ടിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഇന്നലെയും മുഖ്യമന്ത്രി കോൺഗ്രസിനെ വിമർശിച്ചിരുന്നു. സമാനചിന്താഗതിയുള്ള പാർട്ടികളെ കൂടെനിർത്താതെ ഒറ്റയ്ക്ക് എല്ലാം സ്വന്തമാക്കിക്കളയാമെന്ന കോൺഗ്രസിന്റെ ചിന്താഗതിക്കേറ്റ തിരിച്ചടിയാണ് രാജസ്ഥാൻ, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കോൺഗ്രസ് തയ്യാറാകണം. കമൽനാഥ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ഇത്തരം നിലപാട് ബിജെപിക്ക് ഗുണമായി. തിരഞ്ഞെടുപ്പ് ഫലത്തിലെ ഈ ദുർഗതിക്ക് കാരണം കോൺഗ്രസാണെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു.











