ഇസ്ലാമാബാദ് : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ സാജിദ് മിറിനെ പാകിസ്താൻ ജയിലിൽ വച്ച് വധിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഇയാൾക്ക് അജ്ഞാതനായ ഒരു വ്യക്തി വിഷം നൽകിയതായാണ് ലഭിക്കുന്ന സൂചന.
ഗുരുതരാവസ്ഥയിലുള്ള സാജിദ് മിറിനെ പാകിസ്താൻ സൈന്യം ബഹവൽപൂരിലെ CMH ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് എയർലിഫ്റ്റ് ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇയാൾ ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ വെച്ചാണ് മിറിന് അജ്ഞാത വ്യക്തി വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചത്.
തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി കഴിഞ്ഞ വർഷം സാജിദ് മിറിനെ 15 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ആദ്യം ലാഹോർ സെൻട്രൽ ജയിലിൽ ആയിരുന്നു ഇയാൾ തടവ് ശിക്ഷ അനുഭവിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇയാളെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നത്.
Discussion about this post