ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പൂർവ്വസ്ഥിതിയിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പരിശ്രമങ്ങൾക്ക് ഒരു പൊൻതൂവൽ കൂടി. മെയ്തി തീവ്രവാദ ഗ്രൂപ്പായ നാഷണൽ റവല്യൂഷണറി ഫ്രണ്ട് മണിപ്പൂരിലെ (എൻആർഎഫ്എം) 25 ഓളം അംഗങ്ങൾ യുഎൻഎൽഎഫിൽ ചേർന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മണിപ്പൂരിലെ ഏറ്റവും പഴയ സായുധ ഗ്രൂപ്പായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) കേന്ദ്രവുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച് ഒരാഴ്ച പിന്നിടുമ്പോളാണ് ഭീകരരുടെ ഈ നീക്കം.
അക്രമം വെടിഞ്ഞ് ആയുധം ഉപേക്ഷിച്ച് ദേശീയ മുഖ്യധാരയിൽ ചേരാനാണ് യുഎൻഎൽഎഫ് പദ്ധതിയിടുന്നത്. ഇനി രാജ്യത്തിന് ഉപകാദരപ്രദമായി പ്രവർത്തിക്കുകയെന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. ഈ കൂട്ടത്തിലേക്കാണ് കൈവശമുള്ള ആയുധങ്ങളടക്കം എൻആർഎഫ്എം അംഗങ്ങൾ എത്തിയത്.
ഭീകര സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും അക്രമത്തിന്റെ പാത ഒഴിവാക്കുന്നതിലേക്ക് ഒരു ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. മണിപ്പൂരിൽ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് ഈ മാറ്റം ആക്കം കൂട്ടാൻ സാധ്യതയുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രായം വ്യക്തമാക്കി.
മണിപ്പൂർ കേന്ദ്രമാക്കി രാജ്യമുണ്ടാക്കാൻ വേണ്ടി രൂപീകരിച്ച വിഘടന വാദ സംഘടനയാണ് യുഎൻഎൽഎഫ്. 1964 നവംബർ 24നായിരുന്നു രൂപീകരണം. അറംബാം സമേന്ദ്രയാണ് സ്ഥാപകൻ. 2012ലാണ് ഇവരെ ഭീകരസംഘനയായി എൻഐഎ പ്രഖ്യാപിച്ചത്. തുടർന്ന് ഇതിനെ കേന്ദ്രം നിരോധിച്ചു.
Discussion about this post