ഷിംല: ഹിമാചൽ പ്രദേശിൽ ക്ഷേത്ര കവാടത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യം എഴുതിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പഞ്ചാബ് ജലന്ധർ സ്വദേശികളായ ഫൂൽ ചന്ദ്, അർജീന്ദർ സിംഗ്, ഹാരി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉന ജില്ലയിലെ മാതാ ചിന്ദ്പൂർണി ക്ഷേത്രത്തിന്റെ കവാടത്തിലായിരുന്നു സംഭവം.
വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു മൂന്നംഗ യുവാക്കളുടെ സംഘം. ഇതിനിടെയാണ് ക്ഷേത്രത്തിൽ എത്തിയത്. എന്നാൽ ആരും കാണാതെ ക്ഷേത്ര കവാടത്തിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയായിരുന്നു. ഖാലിസ്ഥാൻ സിന്ദാബാദ്, ഹിമാചൽ ഖാലിസ്ഥാനാക്കും തുടങ്ങിയ മുദ്രാവാക്യങ്ങൾ ആണ് എഴുതിയത്.
ക്ഷേത്രത്തിൽ എത്തിയ ഭക്തരുടെ ശ്രദ്ധയിൽ ഇത് പെട്ടു. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഖാലിസ്ഥാൻ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് വേണ്ടിയാണ് പ്രതികൾ മുദ്രാവാക്യങ്ങൾ എഴുതിയത് എന്നാണ് വിവരം. ഇതിനായി ഭീകര സംഘടന 50,000 രൂപ വീതം പ്രതികൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 25,000 രൂപ ഇവർ കൈപ്പറ്റിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post