ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ഒടുവിൽ സ്ഥിരീകരണം ആയിരിക്കുകയാണ്. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകും. ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തീരുമാനിച്ച വിവരം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. മറുപടിയായി സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മറ്റ് പ്രധാന പാർട്ടി നേതാക്കൾ എന്നിവരോട് റെഡ്ഡി നന്ദി രേഖപ്പെടുത്തി.
ആർഎസ്എസിന്റെ വിദ്യാർത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) യിലൂടെയാണ് രേവന്ത് റെഡ്ഡി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട്, റെഡ്ഡി തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്ന് എംഎൽഎ ആയി. 2009-ൽ അവിഭക്ത ആന്ധ്രാപ്രദേശിന്റെ നിയമസഭയിലും പിന്നീട് 2014-ൽ തെലങ്കാന നിയമസഭയിലും എംഎൽഎ ആയിരുന്നു രേവന്ത് റെഡ്ഡി. കൈക്കൂലി വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് തെലുങ്കുദേശം പാർട്ടി രേവന്ത് റെഡ്ഡിയെ പുറത്താക്കിയതിനുശേഷം 2017 ലാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്.
Discussion about this post