കോഴിക്കോട്: ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച പരിപാടി റദ്ദാക്കിയതിൽ ശക്തമായ പ്രതിഷേധവുമായി സംവിധായകൻ ജിയോ ബേബി. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. താൻ അപമാനിക്കപ്പെട്ടെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡിസംബർ അഞ്ചിന് കോളേജിലെ ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന് ക്ഷണം ഉണ്ടായിരുന്നത്. ഇതേ തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കോഴിക്കോട് എത്തുകയും ചെയ്തു. എന്നാൽ പരിപാടി റദ്ദാക്കിയതായി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. പരിപാടി റദ്ദാക്കാനുള്ള കാരണം ആരാഞ്ഞെങ്കിലും കോളേജിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇൻസ്റ്റ്ഗ്രാമിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കോളേജിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട് ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കാനാണ് വീഡിയോയിലൂടെ വന്നിരിക്കുന്നത് എന്ന് ജിയോ ബേബി കൂട്ടിച്ചേർത്തു. ഡിസംബർ അഞ്ചിന് കോളേജിലെ ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. ഇതേ തുടർന്ന് താൻ കോഴിക്കോട് എത്തി. ഇതിന് ശേഷമാണ് പരിപാടി റദ്ദാക്കിയെന്ന് താൻ അറിയുന്നത്.
പരിപാടി കോർഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തമായ കാരണം ചോദിച്ചപ്പോൾ ആരും മറുപടി തന്നില്ല. കോളേജ് പ്രിൻസിപ്പാളിന് ഇത് സംബന്ധിച്ച് ഇ-മെയിൽ അയക്കുകയും വാട്‌സ് ആപ്പിൽ ചോദിക്കുകയും ചെയ്തു. എന്നാൽ മറുപടി ലഭിച്ചില്ലെന്നും ജിയോ ബേബി വ്യക്തമാക്കി.
ഇതിന് പിന്നാലെ കോളേജ് യൂണിയന്റെ കത്ത് ലഭിച്ചു.
‘ഫാറൂഖ് കോളേജ് പ്രവർത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമർശങ്ങൾ, കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരാണ്. അതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കുന്നതല്ല’, എന്നാണ് അതിൽ പറഞ്ഞിരിക്കുന്നത്. എന്ത് കൊണ്ടാണ് പരിപാടി റദ്ദാക്കിയത് എന്നതിന്റെ യഥാർത്ഥ കാരണം തനിക്ക് അറിയണം. നാളെ ആർക്കും സമാന അനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടി കൂടിയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post