മംഗളൂരു : സഹപ്രവർത്തകന്റെ കുത്തേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. മംഗളൂരുവിലെ ശിവമൊഗ്ഗയിലാണ് സംഭവം നടന്നത്. റബർ ടാപ്പിംഗ് തൊഴിലാളി ആയിരുന്ന യുവാവിനെയാണ് സഹപ്രവർത്തകൻ കുത്തി കൊലപ്പെടുത്തിയത്. പ്രതിയും മലയാളി തന്നെയാണ്.
ഇരിട്ടി വെളിമാനം സ്വദേശി വലിയപറമ്പില്‍ സിജു (44) ആണ് കുത്തേറ്റ് മരിച്ചത്. ശിവമൊഗ്ഗയിലെ സ്വര്‍ഭയില്‍ ജോലി ചെയ്തു വരികയായിരുന്നു ഈ യുവാവ്. തിരുവനന്തപുരം സ്വദേശിയായ സഹപ്രവർത്തകനാണ് സിജുവിനെ കുത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.
റബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന ടാപ്പിംഗ് കത്തി കൊണ്ടാണ് പ്രതി സിജുവിനെ കുത്തിയത്. ഇരിട്ടിയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന സിജു ഒരാഴ്ചയ്ക്ക് മുൻപാണ് ശിവമൊഗ്ഗയിൽ ജോലിക്കായി എത്തിയിരുന്നത്. പ്രതിയായ തിരുവനന്തപുരം സ്വദേശിയെ മംഗളൂരു പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post