ഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം ആര്. അശ്വിന് ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒന്നാമത്. 1973ല്‍ ബിഷന്‍സിങ് ബേദി ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ് അശ്വിന്. ഈ വര്‍ഷം മാത്രം ഒന്‍പതു ടെസ്റ്റുകളില്‍നിന്നായി 62 വിക്കറ്റുകള്‍ നേടിയാണ്് അശ്വിന് ഒന്നാം നമ്പര്‍ ബോളര്‍ സ്ഥാനം കരസ്ഥമാക്കിയത്.
കരിയറിലാദ്യമായാണ് അശ്വിന് ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. പട്ടികയില്‍ രവീന്ദ്ര ജഡേജ ആറാമതുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ബോളര്‍മാരില്‍ 15ാം സ്ഥാനത്തായിരുന്നു ഇരുപത്തൊന്‍പതുകാരനായ അശ്വിന്. ഡെയ്ല്‍ സ്റ്റെയിന്, സ്റ്റ്യുവാര്‍ട്ട് ബ്രോഡ്, യാസിര്‍ ഷാ, ജയിംസ് ആന്ഡേഴ്സന് എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവര്‍.
2009 മുതല്‍ ഒന്നാം നമ്പര്‍ ടെസ്റ്റ് ബോളറായിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിനെ പിന്തള്ളിയാണ് അശ്വിന് ഒന്നാം നമ്പറായത്. പരുക്കേറ്റതിനെ തുടര്‍ന്ന് സ്റ്റെയിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ പെട്ടെന്നുതന്നെ ബോളിങ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് തുടങ്ങുന്നതിന് മുന്‍പ് അശ്വിനേക്കാള്‍ നാലു പോയിന്റ് മുന്നിലായിരുന്നു സ്റ്റെയിനെങ്കിലും ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോറ്റതിന് പിന്നാലെ അശ്വിന് ഇതേ മാര്‍ജിനില്‍ സ്റ്റെയിനെ പിന്തള്ളുകയായിരുന്നു.
ഐസിസിയുടെ മികച്ച ക്രിക്കറ്റ് താരം, ടെസ്റ്റ് താരം എന്നീ പുരസ്കാരങ്ങള്‍ നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്സ്മാന്മാരുടെ പട്ടകയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബാറ്റ്സ്മാന്മാരില് ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. കെയിന്‍ വില്യംസന്, ജോ റൂട്ട്, എ.ബി. ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. 11ാം സ്ഥാനത്തുള്ള അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍.
Discussion about this post