തിരുവനന്തപുരം: ദേശീയ സഹകരണ ഡേറ്റാബേസിന് സഹകരണ സംഘങ്ങളുടെ വിവരങ്ങൾ കൈമാറാൻ വിമുഖത കാട്ടി കേരളം. നബാര്‍ഡ് വഴിയും മറ്റുമുള്ള കേന്ദ്ര സഹകരണ വായ്പാ പദ്ധതികള്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന സമഗ്ര സഹകരണ ഡേറ്റാബേസിലേക്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ വിവരങ്ങൾ കൈമാറാനാണ് സംസ്ഥാന സർക്കാർ മടിക്കുന്നത്.
ഭാവിയില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി നടപ്പാക്കേണ്ട കേന്ദ്രസഹായ പദ്ധതികള്‍ ഇതുമൂലം കേരളത്തിന് നഷ്ടമായേക്കും. സഹകരണ രജിസ്ട്രാര്‍മാര്‍ മുഖേനയാണ് ഡേറ്റാ വിവരങ്ങള്‍ കേന്ദ്ര ഡേറ്റാബേസിലേക്ക് കൈമാറേണ്ടത്. വിവരങ്ങൾ കൈമാറാൻ എതിര്‍പ്പുയര്‍ത്തിയിരുന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു. എന്നാൽ കേരളം ഇപ്പോഴും ഇക്കാര്യത്തിൽ നിഷേധാത്മക സമീപനം തുടരുകയാണ്.
കാര്‍ഷിക, അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി നബാര്‍ഡ് വഴി കൈമാറിക്കിട്ടുന്ന കേന്ദ്ര വായ്പാ ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഒറ്റക്കുടക്കീഴിലാക്കി വിതരണം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡേറ്റാബേസ് തയ്യാറാക്കുന്നത്. നിലവില്‍ റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ വഴിയാണ് നബാര്‍ഡ് പദ്ധതികളുടെ വിതരണം. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഡേറ്റാബേസിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ധനസഹായം ലഭ്യമാകൂ.
72 വിഭാഗങ്ങളിലായി കേരളത്തില്‍ 23,752 സഹകരണ സംഘങ്ങളുണ്ട്. ഇതിൽ 6103 പ്രാഥമിക സഹകരണ സംഘങ്ങളുടെ വിവരം മാത്രമേ കൈമാറിയിട്ടുള്ളൂ എന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്.
അതേസമയം കേരളം സ്വന്തമായിത്തന്നെ സഹകരണ സംഘങ്ങള്‍ക്ക് ഡേറ്റാബേസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സഹകരണ മന്ത്രി വി എൻ വാസവൻ പറയുന്നത്. അതിനുശേഷമാണിപ്പോള്‍ കേന്ദ്രം ഇത്തരം നീക്കവുമായി വരുന്നത്. കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന് നിന്നുകൊടുക്കേണ്ടതില്ലെന്നും വാസവൻ പറയുന്നു.
എന്നാൽ അഴിമതികൾ ഒളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനം കേന്ദ്രത്തിന് വിവരങ്ങൾ കൈമാറാൻ മടിക്കുന്നത് എന്ന വിമർശനങ്ങളും ഉയരുകയാണ്. സഹകരണ അഴിമതികൾ ദേശീയ തലത്തിൽ ആധികാരിക രേഖകളായി എത്തിയാൽ തിരിച്ചടിയുണ്ടാകുമെന്ന വേവലാതിയും സർക്കാരിനുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post