ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ യൂണിറ്റ് നിർമാണം പൂർത്തീകരിക്കാനാകുമെന്ന് ഐ എസ് ആർ ഒ. ചാന്ദ്ര വിനോദ സഞ്ചാരം ഉൾപ്പെടെ നിരവധി ചാന്ദ്ര ദൗത്യങ്ങളാണ് ഐ എസ് ആർ ഒ 2047നുള്ളിൽ പൂർത്തീകരിക്കാൻ ഒരുങ്ങുന്നത്. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള സാങ്കേതിക വിദ്യകൾ 2040ഓടെ ഐ എസ് ആർ ഒ സ്വായത്തമാക്കുമെന്നും ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
120 കിലോമീറ്ററിനും 140 കിലോമീറ്ററിനും ഇടയിലുള്ള ഉയരത്തിലായിരിക്കും ബഹിരാകാശ നിലയം നിർമ്മിക്കുക. കുറഞ്ഞത് മൂന്ന് സഞ്ചാരികളെയെങ്കിലും ഉൾക്കൊള്ളിക്കാൻ കഴിയുന്ന തരത്തിലായിരിക്കും നിർമ്മാണമെന്നും എസ് സോമനാഥ് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചന്ദ്രയാന്റെ മടങ്ങി വരവ് ദൗത്യം ചന്ദ്രയാൻ-4 പ്രാരംഭ ഘട്ടത്തിലാണ്. ചന്ദ്രയാൻ-5, 6.7 എന്നീ ദൗത്യങ്ങളും ഉടൻ ഉണ്ടാകും. ചന്ദ്രയാൻ-6 ദൗത്യത്തിന്റെ ലക്ഷ്യം ചന്ദ്രനിൽ താമസയോഗ്യമായ ചുറ്റുപാടുകൾ ഒരുക്കുക എന്നതാണ്. ചന്ദ്രനിൽ വാസയോഗ്യമായ അടിസ്ഥാന സൗകര്യ നിർമ്മിതിയാണ് ചന്ദ്രയാൻ-7ന്റെ ലക്ഷ്യമെന്നും ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കി.
Discussion about this post