നോയിഡ: പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസിന് നേരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിനുവേണ്ടി പാര്‍ലമെന്റ് സുഗമമായി നടത്താന്‍ സഹകരിക്കുമെന്നു പുതുവര്‍ഷ പ്രതിജ്ഞയെടുക്കാന്‍ കോണ്‍ഗ്രസിനോട് മോദി ആവശ്യപ്പെട്ടു. ഡല്‍ഹി മീററ്റ് 14 വരി എക്സ്പ്രസ്വേയുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ പൊതുസമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
ആറു ദശകത്തിലധികം രാജ്യം ഭരിച്ചു രസിച്ചിട്ട് ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനം രാഷ്ട്രീയ കാരണങ്ങളാല്‍ തകര്‍ക്കുന്നതിനു അവര്‍ക്ക് ഒരു അവകാശവുമില്ല. രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പുതുവര്‍ഷമാണ്. ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നു പ്രതിജ്ഞയെടുക്കണം- അദ്ദേഹം പറഞ്ഞു.
നിയമ നിര്‍മാണം നടക്കുന്ന പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇത് ഇന്ത്യയുടെ നിര്‍ഭാഗ്യമാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞവരാണ് ഇതിന്റെ പ്രവര്‍ത്തനം അനുവദിക്കാത്തത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കണം, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും ഇക്കാര്യം താന്‍ ആവശ്യപ്പെടുകയാണ്.
ലോക്സഭയില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിക്കാത്തതിനാല്‍ എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ ജനസഭയില്‍ അവതരിപ്പിക്കുകയാണ്. ജനം പാര്‍ലമെന്റിലേക്ക് നമ്മളെ അയച്ചത് ചര്‍ച്ച ചെയ്യാനും ചിന്തിക്കാനും തീരുമാനമെടുക്കാനുമാണെന്നും മോദി വ്യക്തമാക്കി.
Discussion about this post