ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ നാവികസേനാംഗങ്ങളുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി. ദുബായിൽ നടന്ന CoP28 ഉച്ചകോടിക്കിടെ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ജയിലിൽ കഴിയുന്ന മുൻ നാവികസേനാംഗങ്ങളെ സന്ദർശിക്കാൻ ഇന്ത്യൻ അംബാസഡർക്ക് ഖത്തർ അനുമതി നൽകിയത്.
ജയിലിൽ കഴിയുന്നവരെ സന്ദർശിക്കാനും ചർച്ചകൾ നടത്താനുമായി അംബാസഡർക്ക് കോൺസുലർ പ്രവേശനം ലഭിച്ചുവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആണ് അറിയിച്ചത്. വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീലിൽ ഇതുവരെ രണ്ട് ഹിയറിംഗുകൾ നടന്നതായും ബാഗ്ചി അറിയിച്ചു. നവംബർ 23, നവംബർ 30 തീയതികളിൽ ആയിരുന്നു വധശിക്ഷക്കെതിരായ അപ്പീലിൽ വാദം നടന്നത്. ഇന്ത്യ ഈ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയും നിയമപരമായ സഹായവും കോൺസുലാർ സഹായവും നൽകുകയും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
നവംബർ 24 ന് ഖത്തർ കോടതി വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ ഔപചാരിക അപ്പീൽ സ്വീകരിച്ചത്. വധശിക്ഷക്കെതിരായ അപ്പീലിന്മേൽ അടുത്ത വാദം കേൾക്കൽ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട് , നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ നാവികസേനാംഗങ്ങൾ.
Discussion about this post