ചെന്നൈ : തമിഴ്‌നാട്ടിലെ കൊശസ്തലൈയാർ നദിയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ വലിയ ദുരിതമാണ് ഇപ്പോൾ നേരിടുന്നത്. ഡിസംബർ 4 ന് രാത്രി ഒരു ഓയിൽ റിഫൈനറി തകരുകയും ക്രൂഡ് ഓയിൽ ചിദംബരത്തിന് അടുത്തുള്ള ബക്കിംഗ്ഹാം കനാലിലേക്ക് ഒഴുകിയെത്തിയതും ആണ് ഈ പ്രദേശവാസികളെ ദുരിതത്തിൽ ആക്കിയത്. തുടർന്ന് ക്രൂഡ് ഓയിൽ കൊശസ്തലൈയാർ നദിയിലേക്ക് ഒഴുകിയെത്തി. വെള്ളപ്പൊക്കം കൂടി ഉണ്ടായതോടെ വിഷമയമായ ഈ ജലം സമീപപ്രദേശങ്ങളിലെ വീടുകളിൽ അടക്കം കയറി.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ നഗരം വെള്ളത്തിനടിയിലായ അതേ ദിവസമാണ് ബക്കിംഗ്ഹാം കനാലിൽ എണ്ണ ചോർച്ചയുണ്ടായത്. പ്രളയ ജലത്തിൽ കലർന്ന ക്രൂഡ് ഓയിൽ ഈ നദി പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ അടക്കം മലിനമാക്കി. നദികളിലെ മത്സ്യങ്ങൾ എല്ലാം തന്നെ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യത്തൊഴിലാളികളായ നദീതീരത്തെ ജനങ്ങളുടെ ഭാവി പ്രതീക്ഷകൾ പോലും അസ്തമിക്കുന്ന രീതിയിൽ ആയിരുന്നു വെള്ളപ്പൊക്കത്തോടൊപ്പം ഉണ്ടായ എണ്ണ ചോർച്ച ദുരിതം വിതച്ചത്.
ചെന്നൈയിലെ മഴയ്ക്ക് ആശ്വാസമായി എങ്കിലും ചില സ്ഥലങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ തന്നെയാണ്. കൊശസ്തലൈയാർ നദിയിലെ ജലം ഇപ്പോഴും എണ്ണ കലർന്ന രീതിയിലാണ് കാണപ്പെടുന്നത്. നദീതീരത്ത് നിർത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ പോലും ഈ എണ്ണ കലർന്ന ജലത്താൽ മൂടിയിരിക്കുകയാണ്. പ്രദേശത്തു നിന്നും വെള്ളം പൂർണമായി ഇറങ്ങി കഴിഞ്ഞാൽ മാത്രമേ നാശനഷ്ടങ്ങളുടെ തീവ്രത എത്രത്തോളം ഉണ്ടെന്ന് കണക്കാക്കാൻ ആവൂ എന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post