പാലക്കാട് : പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ 45 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സൈന്യം രക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു എന്നുള്ളതാണ്. കാനിക്കുളത്തെ ബന്ധു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബന്ധുവീട്ടിൽ അതിക്രമിച്ചു കയറിയ ബാബു ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഈ വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലക്കാട് കസബ പൊലീസെത്തിയാണ് ബാബുവിനെ പിടികൂടിയത്. പൊലീസിനു നേരെയും ഇയാൾ ആക്രമണം നടത്തി.
മലമ്പുഴ കുമ്പാച്ചി മലയിൽ രണ്ടുദിവസത്തോളമായിരുന്നു ബാബു കുടുങ്ങിക്കിടന്നിരുന്നത്. വെള്ളം പോലും ലഭിക്കാതെ മരണാസന്നനായ ഇയാളെ വളരെ പാടുപെട്ടാണ് സൈന്യം രക്ഷിച്ച് പുറത്തെത്തിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 75 ലക്ഷത്തോളം രൂപയാണ് ഈ രക്ഷാദൗത്യത്തിന് ചിലവ് വന്നിരുന്നത്.
Discussion about this post