ആലപ്പുഴ: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൃഷ്ണപുരം കാട്ടിരേത്ത് വടക്കതിൽ വീട്ടിൽ അഷ്‌റഫ് മകൻ മുഹമ്മദ് അസീം ആണ് അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശിയായ മുകേഷിനെയാണ് അസിം തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പണയം വച്ച ബൈക്ക് മുകേഷ് തിരിച്ച് ചോദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. കഴിഞ്ഞദിവസം രണ്ടാം കുറ്റി ജംഗ്ഷന് കിഴക്ക് വശം റോഡിൽ വച്ചായിരുന്നു സംഭവം. സ്റ്റീൽ പൈപ്പുകൊണ്ട് അസീം മുകേഷിനെ തലയ്ക്ക് അടിക്കുകയായിരുന്നു.
ആക്രമണത്തിൽ മുകേഷിനെ സാരമായ പരിക്കുണ്ട്. കായംകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ വിഷ്ണു, അനു, അരുൺ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.












