ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികൾ ഇന്ത്യ ഹിറ്റ്‌ലിസ്റ്റ് ചെയ്ത ഭീകരരെ വധിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യമന്ത്രാലയം. ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നീതി ലഭിക്കാൻ ആഗ്രഹിക്കുന്നവർ, അവർ ഇന്ത്യയിൽ വന്ന് ഞങ്ങളുടെ നിയമവ്യവസ്ഥയെ അഭിമുഖീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ പാകിസ്താനിൽ നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് എനിക്ക് പ്രതികരിക്കാൻ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ നോട്ടമിട്ട ഒരു ഭീകരൻ കൂടി പാകിസ്താനിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. ലക്ഷ്‌കർ ത്വയ്ബ ഭീകരൻ അദ്‌നാൻ അഹ്‌മ്മദാണ് ഇന്നലെ വെടിയേറ്റുമരിച്ചത്.
ലഷ്‌കർ ത്വയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്‌നാൻ അഹമ്മദ്. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2015ൽ ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ ബിഎസ്എഫ് ജവാന്മാർക്കു നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്‌നാൻ. രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും 13 ജവാന്മാർക്കു അന്നു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post