റായ്പൂർ: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ക്യാമ്പ് തകർത്ത് സുരക്ഷാ സേന. പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലെ ചായ്ബസ മേഖലയിലാണ് സംഭവം. ഭീകരരുടെ താവളത്തിൽ നിന്നും വൻ ആയുധശേഖരവും കണ്ടെടുത്തു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ചായ്ബസയിലെ സരന്ദ വനമേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരരെ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാ സേന. പോലീസിനൊപ്പം സിആർപിഎഫിന്റെയും കോബ്രയുടെയും സംയുക്ത സംഘവും ഉണ്ടായിരുന്നു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ വനമേഖലയിൽ എത്തിയ സുരക്ഷാ സേന പരിശോധന ആരംഭിച്ചു. ഇതിനിടെ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടച്ചു. ഇതിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ഭീകരർ ഉൾക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു.
ഏറ്റുമുട്ടലിന് ശേഷം സുരക്ഷാസേന സ്ഥലത്ത് പരിശോധന തുടർന്നു. ഇതിലാണ് ഭീകര താവളം കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷം ഇത് തകർക്കുകയായിരുന്നു. ഇവിടെ നിന്നും ആയുധങ്ങൾക്ക് പുറമേ നിർണായക രേഖകളും പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ചുവരികയാണ്.
രക്ഷപ്പെട്ട ഭീകരർക്കായി ഉൾക്കാട്ടിൽ പരിശോധന ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഭീകര സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post