ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി ചിത്രങ്ങളിൽ കാണാം.
അടുത്ത വർഷം ജനുവരി 22 നാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുക. ഇതിന് ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും. ഈ സാഹചര്യത്തിൽ അതിവേഗത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തിൽ ക്ഷേത്രത്തിന്റെ ആദ്യ നിലയാണ് പൂർത്തിയാക്കുന്നത്. ഇതിന്റെ നിർമ്മാണത്തിന്റെ ചിത്രങ്ങളാണ് ട്രസ്റ്റ് പുറത്തുവിട്ടത്. ഇതിന് പുറമേ ചുറ്റുമുള്ള നിലത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ക്ഷേത്രത്തിന്റെ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക. പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ചടങ്ങുകൾ അടുത്ത മാസം 16 മുതൽ ആരംഭിക്കും. ജനുവരി 22 വരെ വൻ ആഘോഷപരിപാടികൾ ആണ് ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
Discussion about this post