ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ധീരജ് സാഹുവിന്റെ ഒഡിഷയിലെയും ഝാർഖണ്ഡിലെയും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു. 25 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ ഇതുവരെ 200 കോടി രൂപയുടെ കള്ളപ്പണമാണ് പിടികൂടിയിരിക്കുന്നത്.
ഡിസംബർ 6 ബുധനാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ഇപ്പോൾ 19 ബാഗുകളിൽ നിറച്ച കള്ളപ്പണമാണ് പിടികൂടിയിരിക്കുന്നത്. മദ്യവ്യവസായവുമായി ബന്ധപ്പെട്ട അഴിമതിയെ തുടർന്ന് സാഹുവുമായി ബന്ധമുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ ആകെ 156 ബാഗുകൾ നിറയെ കള്ളപ്പണമാണ് കണ്ടെത്തിയിരിക്കുന്നത്.
ഒഡിഷയിലെ ചില മദ്യവ്യവസായികളുടെ വീടുകളിലും പരിശോധന നടത്തിയ ആദായ നികുതി വകുപ്പ് കണക്കിൽ പെടാത്ത വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. പരിശോധനകൾ അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനങ്ങളിൽ നിന്നും കൊള്ളയടിച്ച മുഴുവൻ പണവും പിടികൂടി ജനങ്ങൾക്ക് തിരികെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നോട്ടുകൾ കൂമ്പാരമാക്കി അലമാരകളിൽ അട്ടിയടുക്കി വെച്ചിരിക്കുന്നവരാണ് ജനങ്ങളോട് സതസന്ധതയെ കുറിച്ച് പ്രസംഗിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
Discussion about this post