ഡെറാഡൂൺ : 2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ. ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി – 2023 ന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉൾപ്പെടെ നിരവധി പ്രമുഖർ ആഗോള നിക്ഷേപക ഉച്ചകോടി സമാപന സമ്മേളനത്തിൽ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ വ്യവസായങ്ങളെ ബന്ധപ്പെടുത്തുന്നതിന് ഉത്തരാഖണ്ഡ് ലോകത്തിന് ശക്തമായ മാതൃകയായി മാറുകയാണെന്ന് അമിത് ഷാ ചടങ്ങിൽ വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം ഉത്തരാഖണ്ഡിന്റെ ദശകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
വികസനത്തിനൊപ്പം ദൈവിക ശക്തിയും നിലനിൽക്കുന്ന സ്ഥലമാണ് ഉത്തരാഖണ്ഡെന്നും അവ രണ്ടും സമന്വയിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായുള്ള ദൗത്യത്തിൽ പുഷ്‌കർ സിംഗ് ധാമിയുടെ സമർത്ഥമായ നേതൃത്വം വലിയ പങ്കുവഹിച്ചതായും അമിത് ഷാ സൂചിപ്പിച്ചു.









Discussion about this post