ജയ്പൂർ; ‘ഭാരത് മാതാ കീ ജയ്” മുദ്രാവാക്യം വിളിച്ചതിന് എട്ട് വിദ്യാർത്ഥികളെ ഏഴ് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇമ്മാനുവൽ മിഷൻ സ്‌കൂളിലാണ് സംഭവം.
ഡിസംബർ 6 ന്, സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആന്റ ടൗണിൽ രാഷ്ട്രീയ രജ്പുത് കർണി സേന സംഘടിപ്പിച്ച പരിപാടി സ്‌കൂളിന് സമീപത്തു കൂടെ കടന്ന് പോകുമ്പോൾ ഒമ്പതാം ക്ലാസിലെ ശരദ് സോണി, കാർത്തിക് മീണ, സൗരഭ് മാളവ്, തക്ഷിത് മാളവ്, പ്രേം ഗുർജർ, യഥാർത്ഥ് കുമാവത്, ജതിൻ അർവിപ്, ഹർഷിത് നഗർ എന്നിവർ ചേർന്ന് മുദ്രാവാക്യം വിളിച്ചു.
ഇതിന് പിന്നാലെ അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പലും മാനേജരും തക്ഷിത് മാളവ് എന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന് നൽകിയ കത്തിൽ, ആവർത്തിച്ച് വിശദീകരിച്ചിട്ടും വിദ്യാർത്ഥി മോശം പെരുമാറ്റം തുടർന്നത് അച്ചടക്ക നടപടിയിലേക്ക് നയിച്ചതായി വ്യക്തമാക്കുന്നു. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ഇടപെടണമെന്നും രക്ഷിതാവിനോട് കത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിഷേധം ഉയർന്നെങ്കിലും നടപടിയിൽ ഉറച്ച് നിൽക്കുകയാണ് സ്‌കൂൾ അധികൃതർ.
Discussion about this post