ഭോപ്പാൽ: ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുകയും ചെയ്തതിന്റെ പേരിൽ മർദ്ദനമേറ്റ മുസ്ലീം യുവതിയെ കണ്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. യുവതിയെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചായിരുന്നു കൂടിക്കാഴ്ച. യുവതിയെ അദ്ദേഹം ആശ്വസിപ്പിച്ചു.
സെഹോർ സ്വദേശിനി സമീനയ്ക്കാണ് മർദ്ദനമേറ്റത്. ഇതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹം സമീനയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയ്ക്ക് മുൻപിൽ സമീന പൊട്ടിക്കരഞ്ഞു. ലാദിൽ ബ്രാഹ്‌മിൺ യോജനയുൾപ്പെടെയുള്ള പദ്ധതികളിൽ ആകൃഷ്ടയായിട്ടാണ് ബിജെപിയ്ക്ക് വോട്ട് ചെയ്തതെന്ന് സമീന മുഖ്യമന്ത്രിയോട് പറഞ്ഞു. സമീനയെ കണ്ട വിവരം ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഇരുവരും തമ്മിൽ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സമീനയ്ക്ക് മർദ്ദനമേറ്റത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായി ബിജെപിയുടെ ആഘോഷ പരിപാടിയിൽ സമീനയും പങ്കെടുക്കുകയായിരുന്നു. ഇത് കണ്ട ഭർതൃസഹോദരൻ ആയിരുന്നു മർദ്ദിച്ചത്. ബിജെപി പ്രവർത്തകരുടെയും നാട്ടുകാരുടെയും മുൻപിൽവച്ചായിരുന്നു മർദ്ദനം. ഇതിന്റെ ദൃശ്യങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്ത് അറിഞ്ഞത്.
Discussion about this post