ന്യൂഡൽഹി : സഖ്യകക്ഷികളുടെ നിസ്സഹകരണത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന ഇൻഡി സഖ്യം യോഗം ഡിസംബർ 19ന് നടത്തുമെന്ന് കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആണ് യോഗം 19ന് നടക്കും എന്ന് അറിയിച്ചത്. ഡിസംബർ ആറിന് തീരുമാനിച്ചിരുന്ന യോഗം പ്രധാന പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇൻഡി സഖ്യത്തിന്റെ നാലാമത് യോഗമാണ് ഡിസംബർ 19ന് നടക്കുക. ‘ഞാൻ അല്ല നമ്മൾ’ എന്നാണ് നടക്കാനിരിക്കുന്ന യോഗത്തിന്റെ ആപ്തവാക്യം എന്നും ഈ വിഷയത്തിൽ ഊന്നി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ജയറാം രമേഷ് വ്യക്തമാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് എന്നിവർ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനാലാണ് ഡിസംബർ ആറിന് തീരുമാനിച്ചിരുന്ന യോഗം മാറ്റിവെച്ചത്.
5 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഇൻഡി സഖ്യത്തിന്റെ ഈ യോഗം നിർണായകമായിരിക്കും. വിവിധ കക്ഷികളുടെ നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനിൽക്കുന്നതിനാൽ മുക്തികക്ഷിയായ കോൺഗ്രസിനെ സംബന്ധിച്ച് ഈ യോഗം ഏറെ പ്രാധാന്യം ഉള്ളതാണ്. ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനം ആയിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട എന്നാണ് സൂചന.
Discussion about this post