ഭീമൻ രഘുവിനെ അവഹേളിച്ച സംവിധായകൻ രഞ്ജിത്തിനെ വിമർശിച്ച് ഹരീഷ് പേരടി. ഭീമൻ രഘുവിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാജാവിനെ പുകഴ്ത്താൻ പാടുപെടുന്ന രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് മണ്ടനെന്നാണ് ഇനി മനസിലാക്കേണ്ടതെന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ ചർച്ചയായിരുന്നു. നിരവധി പേരാണ് ഇതിന് ഭീമൻ രഘുവിനെതിരെ വിമർശനമുന്നയിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഭീമൻ രഘുവിനെ അവഹേളിച്ചത്. ഞങ്ങള്‍ ഒക്കെ കളിയാക്കി കൊല്ലാറുള്ള ഒരു മണ്ടനാണ് ഭീമന്‍ രഘു എന്നാണ് രഞ്ജിത്ത് പറഞ്ഞത്.
‘എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ് നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസില്‍ ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ. മണ്ടനാണ്’- എന്നായിരുന്നു രഞ്ജിത്ത് അഭിമുഖത്തിനിടയിൽ പറഞ്ഞത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
രാജാവിനെ പുകഴ്ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങിനെ നിങ്ങളെ സഹിക്കുന്നു…മണ്ട സലാം..
Discussion about this post