പത്തനംതിട്ട: മതിയായ സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാരിന്റെ പിടിപ്പുകേട് മൂലം അയ്യപ്പഭക്തർ അനുഭവിക്കുന്ന ദുരിതത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലയ്ക്കലിൽ നിന്നും പമ്പ വരെയുളള ദുരിതയാത്ര ഉൾപ്പെടെ വലിയ പരാതികളാണ് അയ്യപ്പൻമാർ ഉയർത്തുന്നത്. അയ്യപ്പഭക്തരോട് മൃഗങ്ങളോട് കാണിക്കുന്ന പരിഗണനയെങ്കിലും കാണിക്കണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രുഫുൽകൃഷ്ണൻ പ്രതികരിച്ചു.
തിരിയുന്ന കസേരയുള്ള, ലിഫ്റ്റുള്ള ബസിൽ ഉല്ലാസയാത്ര നടത്തുന്ന മുഖ്യൻ കണ്ണു തുറന്ന് കാണണം… കേൾക്കണം… അയ്യപ്പഭക്തരും മനുഷ്യരാണ്….. ശബരിമലയിൽ എന്താണ് സംഭവിക്കുന്നത്? ഭക്തലക്ഷങ്ങൾ വെള്ളവും ഭക്ഷണവും കിട്ടാതെ നിന്ന നിൽപ്പിൽ മണിക്കൂറുകൾ നിൽക്കേണ്ടി വരിക. ഒരിറ്റ് ശ്വാസത്തിന് പിടയേണ്ടി വരുന്ന കുരുന്നുകൾ.. മണിക്കൂറുകളോളം നിശ്ചലമാക്കുന്ന ട്രാഫിക് സംവിധാനം… കാണേണ്ടി വരുന്നത് വേദനാജനകമായ കാഴ്ചകൾ മാത്രം…
കാണിക്കപ്പണത്തോട് സർക്കാർ കാണിക്കുന്നതിന്റെ ആയിരത്തിലൊന്ന് താൽപ്പര്യം ഭക്തരോട് കാണിച്ചാലെന്താണെന്ന് പ്രഫുൽകൃഷ്ണൻ ചോദിച്ചു. ഓരോ ശബരിമല സീസണും കേരളത്തിലെ വ്യാപാര മേഖലയ്ക്കും സർക്കാരിനും നൽകുന്നത് സഹസ്രകോടികളാണ്.. എന്നിട്ടും ഒരു ശാസ്ത്രീയമായ അടിസ്ഥാന പദ്ധതികളും തീർത്ഥാടനത്തിന് ഒരുക്കാത്തത്ത് പിണറായി സർക്കാറിന്റെ ഭക്തരോടുള്ള നിഷേധാത്മക നിലപാട് കൊണ്ട് മാത്രമാണ്..
അയ്യപ്പഭക്തർക്ക് ഇതൊക്കെ മതി എന്ന ധിക്കാരം അനുവദിക്കാൻ പറ്റില്ല.. വെർച്ച്വൽ ക്യൂ സംവിധാനവും മറ്റും എവിടെയാണ് പാളുന്നത്? തിരക്ക് കൂടുമ്പോൾ മറ്റ് ഇടത്താവളങ്ങളിൽ ഭക്തരെ അക്കമഡേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കാൻ എന്താണ് പറ്റാത്തത്? തമിഴ്‌നാട്ടിൽ നിന്ന് വന്ന പത്തുവയസ്സുകാരിയായ മാളികപ്പുറത്തിന്റെ നിശ്ചല ശരീരം കണ്ട് ഹൃദയം പൊട്ടുന്നു…
ഉത്തരവാദി നിങ്ങളാണ് പിണറായി വിജയൻ…. ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും എന്തിനാണ്? പോലീസ് സംവിധാനങ്ങൾ എന്ത് എടുക്കുകയാണെന്നും പ്രഫുൽ കൃഷ്ണൻ ചോദിച്ചു. ഇന്നലെ തന്നെ ഭക്തരുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.











