ന്യൂഡൽഹി: 2011ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ചോദ്യം ചെയ്യുന്നതിനായി കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇഡിക്ക് മുന്നിൽ ഹാജരാകില്ല.
മുൻ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകനും തമിഴ്നാട് ശിവഗംഗ നിയോജക മണ്ഡലത്തിലെ എം പി യുമായ കാർത്തി ചിദംബരത്തോട് ഈയാഴ്ച ന്യൂഡൽഹിയിലെ ഇ ഡി ഓഫീസിൽ ഹാജരാകുവാനും കേസുമായി ബന്ധപ്പെട്ട് തന്റെ വാദം പ്രസ്താവിക്കുവാനുമാണ് ഇ ഡി സമൻസ് അയച്ചത്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ നിയമ വിദഗ്ദ്ധർ അതിന്റെ കാര്യം നോക്കിക്കോളും എന്നാണ് എം പി പ്രതികരിച്ചത്.
ഇപ്പോൾ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ തിരക്കിലായതിനാൽ വരാൻ നിർവാഹമില്ല എന്ന് എംപി ഇഡിയെ അറിയിച്ചതായാണ് സൂചന
സിബിഐ ഫയൽ ചെയ്ത എഫ്ഐആർ പ്രകാരം പഞ്ചാബിൽ പവർ പ്ലാന്റ് സ്ഥാപിക്കാൻ വേദാന്ത ഗ്രൂപ്പ് കമ്പനിയായ തൽവണ്ടി സാബോ പവർ ലിമിറ്റഡിന്റെ ഒരു ഉയർന്ന എക്‌സിക്യൂട്ടീവിൽ നിന്ന് കാർത്തിക്കും അദ്ദേഹത്തിന്റെ അടുത്ത അനുയായി എസ് ഭാസ്‌കരരാമനും 50 ലക്ഷം രൂപ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് 2022ലെ ഇഡി കേസ്.
പവർ പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നത് ഒരു ചൈനീസ് കമ്പനി ആയിരിന്നു. സമയബന്ധിതമായി പ്രൊജക്റ്റ് പൂർത്തിയാക്കുന്നതിൽ അവർക്ക് വീഴ്ചപറ്റിയതിനെ തുടർന്ന് 263 ചൈനീസ് തൊഴിലാളികൾക്ക് വീണ്ടും പ്രോജക്ട് വിസ അനുവദിക്കാൻ ഒരു ടിഎസ്പിഎൽ എക്സിക്യൂട്ടീവ് 50 ലക്ഷം രൂപ കാർത്തി ചിദംബരത്തിന് കൈമാറി എന്നാണ് കേസ്
കഴിഞ്ഞ വർഷം സിബിഐ ചിദംബരത്തിന്റെ കുടുംബത്തിന്റെ വസതികളിൽ റെയ്ഡ് നടത്തി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post