ന്യൂഡൽഹി: പാർലമെന്റിനുളളിൽ സഭാ സമ്മേളനത്തിനിടെ പരിഭ്രാന്തി പരത്തിയ യുവാക്കളുടെ കൈയ്യിൽ ഉണ്ടായിരുന്നത് വെറും പുക മാത്രമാണെന്ന് ലോക്‌സഭാ സ്പീക്കർ ഓംബിർല. പ്രാഥമിക നിഗമനത്തിൽ അല്ലാതെ മറ്റ് അപകടമില്ലെന്നും അതുകൊണ്ടു തന്നെ അംഗങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്പീക്കർ പറഞ്ഞു.
സഭ നടന്നുകൊണ്ടിരിക്കെ സന്ദർശക ഗ്യാലറിയിൽ നിന്ന് രണ്ട് യുവാക്കൾ എംപിമാർ ഇരുന്ന പാർലമെന്റ് ഹാളിലേക്ക് ചാടിയിറങ്ങുകയായിരുന്നു. സംഭവത്തിൽ എല്ലാവരെയും പിടികൂടിയതായി സ്പീക്കർ പറഞ്ഞു. ഇവരുടെ കൈയ്യിൽ ഉണ്ടായിരുന്ന വസ്തുക്കളും പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യൽ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ നിർത്തിവെച്ച പാർലമെന്റ് സമ്മേളനം പുനരാരംഭിച്ചപ്പോഴായിരുന്നു സ്പീക്കർ ഇക്കാര്യം വിശദീകരിച്ചത്. ഏറ്റവും വേഗത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്പീക്കർ അംഗങ്ങൾക്ക് ഉറപ്പു നൽകി. പ്രതിഷേധക്കാരുടെ കൈയ്യിൽ ഉണ്ടായിരുന്നത് വെറും പുക മാത്രമാണെന്നും ലഭ്യമായ എല്ലാ വിവരങ്ങളും ഡൽഹി പോലീസിന് കൈമാറിയിട്ടുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പാർലമെന്റിനുളളിൽ പ്രതിഷേധം നടന്ന സമയത്ത് തന്നെ ഡൽഹി ട്രാൻസ്‌പോർട്ട് ഭവന് മുൻപിലും മഞ്ഞപ്പുകയുമായി ഒരു യുവാവും യുവതിയും പ്രതിഷേധത്തിനെത്തിയിരുന്നു. മുദ്രാവാക്യം വിളികളുമായി പുക സ്േ്രപ ചെയ്തതോടെ ഇവരെയും പോലീസ് പിടികൂടിയിരുന്നു.
ഉച്ചയോടെയാണ് പാർലമെന്റിനുളളിൽ അപ്രതീക്ഷിത സംഭവം ഉണ്ടായത്. സഭ നടന്നുകൊണ്ടിരിക്കെ എംപിമാർ ഇരിക്കുന്നിടത്തേക്ക് ചാടുകയായിരുന്നു. പിടിക്കാൻ ഓടിച്ചതോടെ എംപിമാരുടെ ടേബിളിന് മുകളിലൂടെയും ഇവർ ഓടി. ഇതിനിടയിലാണ് മഞ്ഞപ്പുക എംപിമാർക്ക് നേരെ ചീറ്റിച്ചത്. ഒടുവിൽ സുരക്ഷാ ജീവനക്കാരും എംപിമാരും ചേർന്ന് അക്രമികളെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ എംപിമാരെ വേഗം ഹാളിന് പുറത്തെത്തിക്കുകയും ചെയ്തു.
Discussion about this post