പത്തനംതിട്ട : ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി നിലക്കലിലെത്തി. ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്ക് എത്തുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. തില്ലങ്കേരിയെ കണ്ടതും അയ്യപ്പഭക്തരുടെ വലിയ കൂട്ടം തന്നെ അദ്ദേഹത്തിന് അടുത്തേക്ക് ഓടിയെടുത്തു. സർക്കാർ അനാസ്ഥയെ കുറിച്ചും പോലീസിനെ കുറിച്ചും നിരവധി പരാതികൾ ആയിരുന്നു ഭക്തർക്ക് അദ്ദേഹത്തോട് പറയാനുണ്ടായിരുന്നത്.
മാദ്ധ്യമപ്രവർത്തകർ അയ്യപ്പഭക്തരുടെ ആവലാതികൾ ലോകം മുഴുവൻ എത്തിക്കുന്നുണ്ട് എന്ന് വത്സൻ തില്ലങ്കേരി വ്യക്തമാക്കി. “41 ദിവസത്തെ വ്രതം എടുത്ത് ശബരിമലയിലേക്ക് എത്തുന്ന ഭക്തരാണ് നിലയ്ക്കലിൽ മൂന്നു ദിവസത്തോളം കാത്തു നിന്നിട്ടും സന്നിധാനത്തേക്ക് പോകാൻ കഴിയാതെ കണ്ണീരോടെ തേങ്ങ ഉടച്ച് മാലയൂരി തിരികെ പോകുന്നത്. അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്നുവരുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. നിലവിലെ പ്രശ്നങ്ങൾ ശബരിമലയ്ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഴിയാത്തതാണ്” എന്നും വത്സൻ തില്ലങ്കേരി വ്യക്തമാക്കി.
പോലീസുകാരുടെ അഭാവവും സർക്കാരിന്റെ അനാസ്ഥയും ആണ് ശബരിമലയിൽ അനിയന്ത്രിതമായ രീതിയിൽ തിരക്കുണ്ടാവാൻ കാരണമെന്ന് ഭക്തർ അറിയിച്ചതായി വത്സൻ തില്ലങ്കേരിവ്യക്തമാക്കി. “ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെട്ട് സർക്കാരിന് വേണ്ട നിർദ്ദേശങ്ങൾ നൽകണം. കൃത്യമായ ഒരു പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ ഒരു ദുരന്തത്തിലേക്ക് ആയിരിക്കും ശബരിമല നീങ്ങുക. ഭക്തരുടെ നിയന്ത്രണം വിടുന്ന ഒരു സാഹചര്യം ശബരിമലയിൽ ഉണ്ടാകും. അതിന് ഇടയാക്കാൻ അനുവദിക്കരുതെന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാൻ ഉള്ളത്” എന്നും വത്സൻ തില്ലങ്കേരി അറിയിച്ചു.
Discussion about this post