മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചു വന്ന ഒൻപത് ബംഗ്ലാദേശ് പൗരന്മാരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് ഇവർ ഇന്ത്യയിൽ നിന്നും അനധികൃതമായി പണം നാട്ടിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാവാം. ഹവാല ഇടപാടിന് തുല്യമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കും ബംഗ്ലാദേശിൽ നിന്നും തിരികെ ഇന്ത്യയിലേക്കും വരുന്നവരെ ഇവർ തട്ടിപ്പിന്റെ ഭാഗമാക്കിയതായി സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
ഇന്ത്യയിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനായി പ്രതികൾ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചു. യഥാർത്ഥ വ്യക്തിത്വം മറച്ചു വെച്ച് ഇന്ത്യക്കാരായി ആൾമാറാട്ടം നടത്തി ഇവർ ദീർഘകാലം രാജ്യത്ത് താമസിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ അറസ്റ്റിലായത്. തട്ടിപ്പിലൂടെ പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ ഹവാല ഇടപാട് നടത്തിയതായും മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തി.
ഹവാല കള്ളക്കടത്തിന് പ്രതികൾ വലിയ തോതിൽ കമ്മീഷൻ വാങ്ങിയിരുന്നു. നിയമപരമായി ഇന്ത്യയിലേക്ക് വരുന്നവർക്ക് വേണ്ടിയാണ് പ്രതികൾ കള്ളപ്പണം കടത്തിയത്. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്ക് വേണ്ടിയും ഇവർ പണം കടത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ളവയും അന്വേഷിക്കുമെന്ന് മുംബൈ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
Discussion about this post