ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനല്ലെന്ന വിധി വന്ന ശേഷം കോടതി പരിസരം സാക്ഷ്യം വഹിച്ചത് അതി വൈകാരിക നിമിഷങ്ങൾക്കാണ്. വിധിയുടെ ഞെട്ടലിൽ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും കോടതിമുറിക്ക് പുറത്ത് അലറികരയുകയായിരുന്നു. ‘എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല, നിങ്ങൾക്കും മക്കളില്ലേയെന്ന് എന്നാണ് അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചത്.
‘പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കിട്ടിയ കൊച്ചാണ്. അവളെ കൊന്നുകളഞ്ഞില്ലേ, നിങ്ങളുടൈ കുഞ്ഞിനോട് ഇങ്ങനെ ചെയ്താ വെറുതേ വിടുമോ? നാട്ടുകാർക്ക് മുഴുവൻ അറിയാം അവനാ ചെയ്തതെന്ന്, എന്നിട്ടും അവനെ വെറുതെ വിട്ടില്ലേ.? ഏത് നീതിയാ അവൾക്ക് കിട്ടിയത്? ഞങ്ങൾ അവനെ വെറുതെ വിടില്ല. എന്റെ ഭർത്താവ് അവനെ കൊല്ലും. എന്നിട്ട് ജയിലിൽ പോയി കിടക്കും, എന്റെ കുഞ്ഞിന് നീതി കിട്ടാതെ ഞാൻ ഇവിടെ നിന്ന് പോകില്ല; ഹൃദയം പൊട്ടിയുള്ള ആ അമ്മയുടെ നിലവിളിക്ക് കോടതി മൂകസാക്ഷിയായി.
2021 ജൂൺ 30 നാണ് വീടിനുള്ളിൽ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് സമീപവാസിയായ അർജുനെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ അർജുൻ കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. പീഡിപ്പിക്കുന്നതിനിടെ കുട്ടി ബോധരഹിതയായെന്നും തുടർന്ന് കെട്ടിത്തൂക്കുകയായിരുന്നെന്നും പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാൽ, കൊലപാതകം, ബലാത്സഗം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അർജുനെ കോടതി കുറ്റ വിമുക്തനാക്കിയത്.
Discussion about this post