ഇടുക്കി; വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ വെറുതെവിട്ടതിന് പിന്നാലെ അതിവൈകാരികമായ രംഗങ്ങൾക്ക് സാക്ഷിയായി കോടതി വളപ്പ്. നെഞ്ചുനീറി കുട്ടിയുടെ അമ്മ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കൂടി നിന്നവർ പരുങ്ങി.
’14 വർഷത്തിന് ശേഷമുണ്ടായ കൊച്ചിനെയാണ് അവൻ പൂജാമുറിയിലിട്ട് പീഡിപ്പിച്ച് കൊന്നത്… ഞാൻ ചോറ് കൊടുത്ത കൊച്ചാ. എന്റെ ജീവനായിരുന്നു അറിയാവോ… എന്റെ കുഞ്ഞിനെ കൊന്നതാ..അവൾക്ക് നീതി കിട്ടിയില്ല, നാട്ടുകാർക്ക് മുഴുവൻ അറിയാം അവൻ ചെയ്ത കാര്യങ്ങൾ, അവനെ വെറുതെവിട്ടു. അവൻ സന്തോഷമായി ജീവിക്കാൻ പോകുവാ. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടില്ലേ… പൂജാമുറിയിൽ ഇട്ടാണ് കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷർട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിനു ചോറുകൊടുത്ത് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അവൻ വീട്ടിൽ കയറിയത്. എന്നെ കൊല്ല്, എന്നെ കൊല്ല്, എന്റെ കൊച്ചിനു നീതി കിട്ടാതെ ഞാൻ വരുകേലാ, എന്നെ കൊല്ലണമെങ്കിൽ കൊല്ല്… എന്റെ പൊന്നുമോളേ… എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ലെന്ന് കരഞ്ഞ് നിലവിളിച്ച് അമ്മ നിലത്ത് കിടന്ന് ഉരുണ്ടു.
കേസിൽ ഇപ്പോൾ വിധി പറഞ്ഞ ജഡ്ജി പണം വാങ്ങിയെന്ന് ആരോപിച്ച ബന്ധുക്കൾ തങ്ങൾക്ക് പഴയ ജഡ്ജിയെ വേണമെന്നും ആവശ്യപ്പെട്ടു. ഒരു വനിത ജഡ്ജിയായിരുന്നിട്ടുകൂടി പ്രതിയെ വെറുതെവിട്ടെന്നും ആരോപിച്ചു. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്.












