തിരുവനന്തപുരം: സർക്കാരിനെതിരായ കരിങ്കൊടി പ്രതിഷേധം ചോദിച്ചു വാങ്ങുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ. അക്രമസംഭവങ്ങൾ വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അഭിപ്രായം. എന്നാൽ, ഈ അഭിപ്രായം മാനിച്ചുകൊണ്ട് തന്നെ തെരുവിൽ ശക്തമായ സമരമുണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
നാല് മാസത്തെ സമര പരിപാടികൾക്ക് രൂപം നൽകുന്നതിനായുള്ള യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന നേതൃയോഗത്തിന് തിരുവനന്തപുരം നെയ്യാറിൽ തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ആദ്യ സ്റ്റേറ്റ് സെൻട്രൽ എക്സിക്യൂട്ടീവാണ് ആരംഭിച്ചത്. വ്യാജ ഐഡി കാർഡ് കേസോ വിവാദമോ സംഘടനയെ ബാധിച്ചിട്ടില്ല. ഉത്തരവാദിത്തങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്മിറ്റിയാകും പ്രവർത്തിക്കുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യമില്ലാത്ത യാത്രക്ക് നേരെ ആവശ്യമുള്ള സാധനം എറിയേണ്ടതില്ല. ഇത്തരത്തിലുളള സമരം പിൻവലിക്കണമെന്നും രാഹുൽ പറഞ്ഞിരുന്നു.
Discussion about this post