കോഴിക്കോട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഗവർണറുടെ പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല. ഗവർണർക്കെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആർഷോ വ്യക്തമാക്കി.
സെനെറ്റിൽ യു ഡി എഫ് പ്രതിനിധികളെ നിയമിക്കാനായി ഗവർണർക്ക് ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണെന്നും ആർഷോ കുറ്റപ്പെടുത്തി. ബിജെപി ഓഫീസ് വഴിയാണ് പ്രതിപക്ഷ നേതാവ് ഗവർണർക്ക് ലിസ്റ്റ് നൽകിയത് എന്നും ആർഷോ ആരോപിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ സമരത്തിലേക്ക് കടന്നുവന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പക്വതയോടെ കൈകാര്യം ചെയ്യുമെന്നും പി എം ആർഷോ വ്യക്തമാക്കി.
അക്കാദമിക് കാര്യങ്ങൾ തടസ്സപ്പെടുത്തിയാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ താമസിക്കാൻ എത്തുന്നത് എന്ന് ആർഷോ ആരോപിച്ചു. ഗവർണർ വരുന്നതുമായി ബന്ധപ്പെട്ട് കനത്ത പോലീസ് സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഗവർണറുടെ താമസവുമായി ബന്ധപ്പെട്ട് നാല് ഗസ്റ്റ് ഹൗസുകൾ പൂർണമായും ഒഴിപ്പിച്ചിരിക്കുകയാണ്. ശക്തമായ സുരക്ഷ ഏർപ്പെടുത്തിയാലും ജനാധിപത്യപരമായി സമരം ചെയ്യുമെന്ന് പിഎം ആർഷോ വ്യക്തമാക്കി.
ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത ഏഴ് യുഡിഎഫ് പ്രതിനിധികൾ ആർജവമുണ്ടെങ്കിൽ രാജിവെച്ച് മൗനം വെടിയണമെന്നും ആർഷോ ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കൾ ഗവർണറുടെ അപ്പക്കഷണം തിന്ന് മുട്ടിലിഴയുന്നവരായി മാറി. സർവകലാശാലകളെ കാവിവൽകരിക്കാനുള്ള സംഘ്പരിവാർ അജണ്ടക്കെതിരെ ഒരു ചെറുവിരൽ പോലും യുഡിഎഫ് അനക്കുന്നില്ല എന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആരോപിച്ചു.
Discussion about this post