വാഷിംഗ്‌ടൺ: കോവിഡ് മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക സഹായം കുറയുന്നതും, വാടക കുതിച്ചുയരുന്നതും കാരണം അമേരിക്കയിൽ താമസിക്കാൻ വീടില്ലാത്തവരുടെ എണ്ണം കുതിച്ചുയരുന്നു. ഭവനരഹിതരുടെ എണ്ണത്തിൽ 12 ശതമാനം ഉയർച്ച നേരിട്ടിരിക്കുകയാണ് അമേരിക്ക.
ഏകദേശം 6,53,000 ആളുകൾ അമേരിക്കയിൽ ഭവനരഹിതർ ആണെന്നാണ് കണക്ക് , ഭവനരഹിതരുടെ എണ്ണം കണക്കാക്കാൻ രാജ്യം 2007-ൽ വാർഷിക പോയിന്റ്-ഇൻ-ടൈം സർവേ ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കൂടുതൽ ആളുകളാണിത് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരിയിലെ മൊത്തം ഭവനരഹിതരുടെ എണ്ണം 70,650 ആയി വർധിച്ചിട്ടുണ്ട് അതായത് 12 ശതമാനം വർദ്ധനവ്.
വിമുക്തഭടന്മാർക്ക് വീട് ലഭ്യമാക്കുന്നതിനുള്ള നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, ഭവനരഹിതരുടെ എണ്ണം കുറയ്ക്കുന്നതിൽ അടുത്ത കാലത്തായി യുഎസ് സ്ഥിരമായ പുരോഗതി കൈവരിച്ചിരുന്നു .
2020-ലെ കണക്കുകൾ പ്രകാരം ഭവനരഹിതരുടെ എണ്ണം ഏകദേശം 5,80,000 ആയി ഉയർന്നു. അടിയന്തര വാടക സഹായം, ഉത്തേജക പേയ്‌മെന്റുകൾ, സംസ്ഥാനങ്ങൾക്കും പ്രാദേശിക സർക്കാരുകൾക്കുമുള്ള സഹായം, താൽക്കാലിക ഒഴിപ്പിക്കൽ മൊറട്ടോറിയം എന്നിവയിലൂടെ കോവിഡ് -19 മഹാമാരിയുമായി ബന്ധപ്പെട്ട സഹായങ്ങൾ ലഭ്യമായതിനാൽ പിന്നീടുള്ള രണ്ട് വർഷങ്ങളിൽ താരതമ്യേന സ്ഥിരത നിലനിർത്തിയിരുന്നു.
ആൾക്കാർക്ക് വീട് മേടിക്കാൻ കഴിയാത്തതിന് പല ഘടകങ്ങളും ഉണ്ടെങ്കിലും , ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ താങ്ങാനാവുന്ന വീടുകളുടെ ദൗർലഭ്യവും പാർപ്പിടത്തിന്റെ ഉയർന്ന വിലയുമാണ്, ഇത് പല അമേരിക്കക്കാരെയും വാടകക്കാരാക്കി നിലനിർത്തുകയാണ്
Discussion about this post