മലപ്പുറം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തി. എസ്എഫ്ഐ നടത്തുന്ന കടുത്ത പ്രതിഷേധത്തിന് ഇടയ്ക്ക് ഗവർണറുടെ കാലിക്കറ്റ് സർവകലാശാലയിലേക്കുള്ള വരവ് ഏറെ ശ്രദ്ധേയമായിരുന്നു. ഗവർണർ എത്തുന്ന സമയത്ത് ഗവർണർ അകത്തേക്ക് കടക്കുന്ന കവാടത്തിന്റെ ഏകദേശം 50 മീറ്ററോളം മാറി വഴിയിൽ കിടന്നുകൊണ്ട് എസ്എഫ്ഐ പ്രതിഷേധിച്ചു.
ഗവർണർ സർവകലാശാലയിലേക്ക് എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്നെ എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ഗസ്റ്റ് ഹൗസിന് മുൻപിൽ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഗസ്റ്റ് ഹൗസിന് സമീപം നടത്തിയ പ്രതിഷേധത്തിലും വഴിയിൽ കിടന്നു കൊണ്ടാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതോടെ പോലീസുകാർ ഇവരെ തൂക്കിയെടുത്ത് വണ്ടിയിൽ കയറ്റുകയായിരുന്നു.
ഗവർണർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് വരുന്ന വഴി നാലിടത്ത് കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുമെന്ന് നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഗവർണർ സഞ്ചരിച്ച വഴിയിൽ ഒന്നും തന്നെ പ്രതിഷേധക്കാർ ഉണ്ടായിരുന്നില്ല. ഗവർണർ ഗസ്റ്റ് ഹൗസിൽ എത്തുന്നതിനുമുൻപായി പ്രവേശന കവാടത്തിന്റെ ഏകദേശം 50 മീറ്റർ മാറിയുള്ള ഒരു വഴിയിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി. വഴിയിൽ കിടന്നുകൊണ്ട് ‘ആരിഫ് ഖാൻ ഗോബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.
Discussion about this post