മലപ്പുറം : കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം എസ്എഫ്ഐ പ്രതിഷേധിച്ചോ എന്ന കാര്യം അറിയില്ലെന്ന് ഗവർണർ. താൻ പ്രതിഷേധങ്ങളൊന്നും കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി സ്പോൺസർ ചെയ്തതാണെന്നും ഗവർണർ വിമർശനം ഉന്നയിച്ചു. കേരളത്തിലെ വൻ സാമ്പത്തിക പ്രതിസന്ധി ജനശ്രദ്ധയിൽ നിന്നും തിരിക്കാനായി മുഖ്യമന്ത്രി സ്പോൺസർ ചെയ്തിരിക്കുന്ന ക്രിമിനൽ സംഘം ആണ് എസ്എഫ്ഐ എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു.
7:00 മണിയോടെ ആയിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വൻ പോലീസ് അനഹാം ആയിരുന്നു കരിപ്പൂരിൽ അദ്ദേഹത്തെ കാത്ത് ഉണ്ടായിരുന്നത്. മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന് അടുത്തേക്ക് ചെന്നപ്പോൾ ‘യൂണിവേഴ്സിറ്റിയിലേക്ക് വരൂ അവിടെ വച്ച് സംസാരിക്കാം’ എന്ന് ഗവർണർ വ്യക്തമാക്കി. തുടർന്ന് കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിൽ ചെന്നിറങ്ങിയ ശേഷം ആയിരുന്നു ഗവർണർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലേക്ക് ഉള്ള 12 കിലോമീറ്റർ വഴിയിൽ 4 ഇടങ്ങളിലായി ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരിക്കുമെന്ന് നേരത്തെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വ്യക്തമാക്കിയിരുന്നു. എന്നാൽ വരുന്ന വഴിയിൽ എവിടെയും ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായില്ല. ഗവർണർ സർവകലാശാലയിലേക്ക് കടക്കുന്ന കവാടത്തിന്റെ 50 മീറ്റർ മാറിയുള്ള മറ്റൊരു കവാടത്തിനരികിൽ എസ്എഫ്ഐ പ്രവർത്തകരിൽ ചിലർ കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഗവർണർ പോകുന്ന വഴി അല്ലാത്തതിനാൽ പോലീസ് സംഘം പോലും ഈ പ്രതിഷേധത്തിന് നേരെ കാര്യമായ ശ്രദ്ധ നൽകിയില്ല.
ഗവർണർ 7 മണിയോടെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നാലുമണിയോടെ എസ്എഫ്ഐ സംഘം കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വഴിയിൽ കിടന്നുകൊണ്ട് പ്രതിഷേധിച്ച് ഇവരെ പോലീസുകാർ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. തുടർന്ന് ഗവർണർ വരുന്ന വഴിയിൽ എങ്ങും യാതൊരു തടസ്സങ്ങളും ഇല്ലായിരുന്നു.
ഗവർണർ കാവിവത്കരണം നടത്തുന്നുവെന്ന എസ്എഫ്ഐയുടെ ആരോപണത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തനിക്ക് ലിസ്റ്റ് കിട്ടിയിരുന്നു എന്ന് ഗവർണർ മറുപടി നൽകി. ആരെ നിയമിക്കണം എന്നുള്ളത് തന്റെ വിവേചനാധികാരമാണ്. അതിനെ ചോദ്യം ചെയ്യാൻ അവർ ആരാണെന്നും എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗവർണർ വ്യക്തമാക്കി. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. പാവപ്പെട്ടവർക്ക് പെൻഷൻ പോലും നൽകാൻ കഴിയുന്നില്ല. ഇതെല്ലാം മറച്ചു പിടിക്കാനാണ് ഈ കാവിവൽക്കരണം എന്ന ബഹളം ഉണ്ടാക്കുന്നത് എന്നും ഗവർണർ വ്യക്തമാക്കി.
Discussion about this post