ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എം പിമാർ ഉൾപ്പെടെ 13 പേരെ സഭയിൽ നിന്നും സസ്പെൻഡ് ചെയ്ത സംഭവത്തിന് പാർലമെന്റിൽ ഉണ്ടായ കടന്നുകയറ്റവുമായി ബന്ധമില്ലെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. അംഗങ്ങളുടെ ഭാഗത്ത് നിന്നും സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തനം ഉണ്ടായതിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസിൽ നിന്നുമുള്ള 9 പേരും സിപിഎമ്മിൽ നിന്നുള്ള രണ്ട് പേരും സിപിഐ, ഡി എം കെ എന്നീ പാർട്ടികളിൽ നിന്നുമുള്ള ഓരോ അംഗങ്ങളുമാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. പാർലമെന്റ് സുരക്ഷാ പ്രശ്നവുമായി അംഗങ്ങളുടെ സസ്പെൻഷനെ ബന്ധിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് സ്പീക്കർ വ്യക്തമാക്കി.
സഭാനടപടികളെ അനാദരിക്കുന്ന രീതിയിൽ പെരുമാറുന്നത് രാജ്യത്തെ ജനങ്ങൾക്ക് അഹിതമാണ്. സഭയുടെ ഉന്നത മൂല്യങ്ങളും അന്തസ്സും ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടിയായിരുന്നു സസ്പെൻഷൻ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ തന്നെ, പാർലമെന്റിനുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടുവരുന്നതും ബഹളമുണ്ടാക്കുന്നതും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും സ്പീക്കർ പറഞ്ഞു.
പാർലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. സമിതിയുടെ റിപ്പോർട്ട് വൈകാതെ സഭയിൽ അവതരിപ്പിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
Discussion about this post