വയനാട്:കഴിഞ്ഞദിവസം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട വയനാട് കല്ലൂര്‍ക്കുന്നില്‍ വീണ്ടും കടുവയെത്തി. വാകയില്‍ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിക്കുകയും പശുവിനെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. കൂടല്ലൂരില്‍ യുവകര്‍ഷകനെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചത്. കാല്‍പ്പാടുകള്‍ വെച്ചാണ് അതേ കടുവ തന്നെയെന്ന നിഗമനത്തിലെത്തിയത്.
കടുവക്കായുള്ള തിരച്ചില്‍ എട്ടാം ദിവസമായ ഇന്നും തുടരുകയാണ്. ഈമേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി. കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തും. പ്രദേശത്ത് ക്യാമറാ ട്രാപ്പ് സ്ഥാപിച്ചു. രണ്ട് കൂടുകള്‍ കൂടി സ്ഥാപിക്കും.
മൂന്ന് വയസുളള വയനാട് വൈല്‍ഡ് ലൈഫ് എന്ന WWL 45 കടുവയാണ് ദിവസങ്ങളായി നാട്ടുകാരെ ഭീതിയിലാക്കിയത് എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ സെന്‍സസ് ലിസ്റ്റിലുളള 45 കടുവയാണിതെന്നും വനംവകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിട്ടുണ്ട്.
പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post